നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊവിഡ് മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. നാമനിർദേശ പത്രിക നൽകുമ്പോൾ സ്ഥാനാർത്ഥിക്കൊപ്പം രണ്ടു പേർ മാത്രമേ പാടുള്ളൂവെന്ന് നിർദേശത്തിൽ പറയുന്നു. വീടു കയറിയുള്ള പ്രചാരണത്തിന് സ്ഥാനാർത്ഥിയുൾപ്പെടെ അഞ്ച് പേർക്ക് മാത്രമേ അനുമതിയുള്ളൂ. ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ മുൻകൂട്ടി കണ്ടെത്തുന്ന സ്ഥലത്ത് മാത്രമേ രാഷ്ട്രീയ പാർട്ടികൾക്ക് യോഗങ്ങൾ നടത്താൻ പാടുള്ളൂവെന്നും സംസ്ഥാന തലം മുതൽ കോർഡിനേഷൻ സമിതികൾ രൂപീകരിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
കൊവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് പാലിക്കേണ്ട മാർഗനിർദേശങ്ങളാണ് സംസ്ഥാന സർക്കാർ പുറത്തിറക്കിയത്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ മൂന്നു ഘട്ടമായി തിരിച്ചാണ് മാർഗ നിർദേശം. ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഓൺലൈൻ വഴിയായിരിക്കണം. ഏതെങ്കിലും ഘട്ടത്തിൽ നേരിട്ട് പരിശീലനം നൽകേണ്ടതുണ്ടെങ്കിൽ വലിയ ഹാളിൽ സാമൂഹിക അകലം പാലിച്ച് നടത്തണം. നാമനിർദേശ പത്രിക നൽകാൻ സ്ഥാനാർത്ഥിക്കൊപ്പം രണ്ടു പേർക്ക് മാത്രമേ പ്രവേശനമുള്ളൂ. പത്രിക സമർപ്പണത്തിന് രണ്ടു വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്നും സാമൂഹിക അകലം കൃത്യമായി പാലിക്കണമെന്നും നിർദേശത്തിലുണ്ട്. വീടുകൾ കയറിയുള്ള പ്രചരണത്തിന് സ്ഥാനാർത്ഥി ഉൾപ്പെടെ അഞ്ചു പേർക്കാണ് അനുമതി.
റോഡ് ഷോകൾക്കും കർശന നിയന്ത്രണമുണ്ട്്. രാഷ്ട്രീയ പാർട്ടികളുടെ യോഗങ്ങൾ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ നിർദേശിക്കുന്ന പ്രദേശത്തായിരിക്കണം. ഇതു മുൻകൂറായി ഓഫിസർ കണ്ടെത്തുകയും ഓരോരുത്തരും ഇരിക്കുന്ന സ്ഥലം പ്രത്യേകം അടയാളപ്പെടുത്തുകയും ചെയ്യണം. പോസ്റ്റൽ ബാലറ്റ് തിരികെ വാങ്ങുമ്പോൾ സ്ഥാനാർത്ഥിയെ മുൻകൂട്ടി അറിയിക്കണം. ഇതു നിരീക്ഷിക്കാൻ സ്ഥാനാർത്ഥിക്ക് പ്രതിനിധികളെ നിയോഗിക്കുകയും ചെയ്യാം. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നതിനു സംസ്ഥാനതലം മുതൽ അസംബ്ലി തലം വരെ ഏകോപന സമിതികൾ രൂപീകരിക്കണമെന്നും നിർദേശിക്കുന്നു.