മുംബൈ: ദൈവത്തിന് പോലും എന്നെ കണ്ടെത്താനാകില്ല, പിന്നെയാണോ പൊലീസ് – നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഖോപ്ഡി എന്ന 26 കാരൻ മുംബൈ പൊലീസിനെ വെല്ലുവിളിച്ചുകൊണ്ട് സ്റ്റേഷനിലേക്കയച്ച സന്ദേശമാണിത്. പപ്പു ഹരിശ്ചന്ദ്ര എന്ന ഖോപ്ഡി പൊലീസിനെ നേരിട്ട് വെല്ലുവിളിക്കുകായിരുന്നു. വെല്ലുവിളി ഏറ്റെടുത്ത പൊലീസ് ഖോപ്ഡിയെ സിനിമാ സ്റ്റൈലിൽ തൂക്കിയെടുത്ത് ജയിലിലാക്കുന്ന കാഴ്ചയായിരുന്നു ഒടുവിലത്തേത്.
മുംബൈയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയാണ് ഖോപ്ഡി. 2013 മുതൽ ഇയാൾ ഒളിവിലാണ്. തന്റെ വെല്ലുവിളി സന്ദേശവുമായി ഒരാളെ ഗോപ്ഡി സ്റ്റേഷനിലേക്ക് അയക്കുകയായിരുന്നു. ആരേയ് പൊലീസ് സ്റ്റേഷനിലാണ് സന്ദേശം ലഭിച്ചത്. ഇതോടെ ഖോപ്ഡിയുടെ കൗണ്ട് ഡൗൺ തുടങ്ങി.
പ്രതി ഞങ്ങളെ വെല്ലുവിളിച്ചു. ദൈവത്തിന് പിടിക്കാനാകാത്ത തന്നെ പൊലീസിനെക്കൊണ്ട് ഒന്നും ചെയ്യാനാകില്ലെന്ന് അവൻ പറഞ്ഞു. പ്രതിയെ കുറിച്ചുള്ള വിവരം ലഭിച്ചതും ഞങ്ങൾ അവനെ പൊക്കി – പൊലീസ് സബ് ഇൻസ്പെക്ടർ ഉല്ലാസ് ഖൊലാം പറഞ്ഞു.
റോയൽ പാം ഭാഗത്ത് കവർച്ചയ്ക്ക് പദ്ധതിയിടുകയായിരുന്നു ഖോപ്ഡി. വേഷം മാറിയെത്തിയ പൊലീസ് ഖോപ്ഡിയെ പിടികൂടി. നാടൻ തോക്ക്, രണ്ട് കാട്രിഡ്ജ്, എന്നിവ പ്രതിയിൽ നിന്ന് കണ്ടെത്തി. ഖോപ്ഡി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത മറ്റ് പൊലീസ് സ്റ്റേഷനുകളിലേക്ക് പ്രതിയെ കൈമാറുമെന്ന് ആരെയ് പൊലീസ് അറിയിച്ചു.