2017 മെയ് 14 -ന് ജയിലിലടച്ചപ്പോൾ എട്ട് മാസം ഗർഭിണിയായിരുന്നു കെൽസി ലവ്. പിന്നീട് ജയിലിൽ തന്റെ സെല്ലിനകത്ത് വച്ച് അവൾക്ക് പ്രസവ വേദന വന്നപ്പോൾ ആരും അവളെ സഹായിക്കാൻ വന്നില്ല. 40 മിനിറ്റോളം അവൾ നിലവിളിച്ചു, കണ്ണുനീരൊഴുക്കി. തന്റെ കുഞ്ഞ് പുറത്തുവരുന്നു, ആരെങ്കിലും ഒന്ന് സഹായിക്കുമോ? എന്ന് ചോദിച്ച് തണുത്തുറഞ്ഞ നിലത്ത് നഗ്നയായി കിടന്ന് അവൾ അലറി കരഞ്ഞു. ഡോക്ടറെ വിളിക്കാൻ ആവുന്നതും അവൾ പറഞ്ഞു. പക്ഷേ, ഡോക്ടർ പോയിട്ട് ജയിലിലെ ഉദ്യോഗസ്ഥർ പോലും ഒന്ന് തിരിഞ്ഞ് നോക്കിയില്ല. കെന്റക്കിയിലെ ഫ്രാങ്ക്ലിൻ കൗണ്ടി റീജിയണൽ ജയിലിലെ തടവുകാരിയ്ക്കാണ് ജീവനക്കാർ വൈദ്യസഹായം നിഷേധിച്ചത്. തന്റെ സെല്ലിൽ തനിച്ച് പ്രസവിച്ച ലവ് 2019 മെയ് മാസത്തിൽ ജീവനക്കാർക്കെതിരെ കേസ് കൊടുത്തു. എന്നാൽ, കഴിഞ്ഞ ആഴ്ച അവൾക്ക് അനുകൂലമായി വിധി വന്നു. 200,000 ഡോളർ (ഏകദേശം ഒരു കോടിയിലേറെ രൂപ) അവൾക്ക് നഷ്ടപരിഹരമായി നൽകാൻ യുഎസ് ജില്ലാ ജഡ്ജി ഗ്രിഗറി എഫ്. വാൻ ടാറ്റൻഹോവ് വിധിച്ചു.
അറസ്റ്റ് ചെയ്ത സമയത്ത് അവൾ ലഹരിക്കടിമയായിരുന്നു. താൻ എട്ട് മാസം ഗർഭിണിയാണെന്നും ലവ് വെളിപ്പെടുത്തി. ജയിലിന്റെ നിയമം അനുസരിച്ച്, ലവിന്റെ ഗർഭാവസ്ഥയിൽ ഓരോ 10 മിനിറ്റിലും ജീവനക്കാർ അവളെ പരിശോധിക്കണം എന്നാണ്. എന്നാൽ മെയ് 16 ന് രാവിലെ, അവൾക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടിട്ടും അവളെ ആരും ശ്രദ്ധിച്ചില്ല. ലവ് മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ അനന്തര ഫലമായിരിക്കും അതെന്ന് ചില ജീവക്കാർ കരുതി. എന്നിരുന്നാലും, പിന്നീട് ഒരു വനിതാ ഡെപ്യൂട്ടി ജയിലർ സെല്ലിൽ വന്നു. അവിടെ തറയിൽ നഗ്നനായി കിടക്കുന്ന ലവിനോട് സംസാരിച്ചു, വയറു പൊത്തി പിടിച്ച് അവൾ കരയുകയും സഹായം ആവശ്യപ്പെടുകയും ചെയ്തുവെന്ന് കോടതി രേഖയിൽ പറയുന്നു. കുഞ്ഞ് പുറത്തുവരുന്നു. ഒരു ഡോക്ടറെ കാണണം എന്ന് ലവ് അവരോട് പറഞ്ഞു. അവർ അവിടെയുള്ള നഴ്സുമായി ബന്ധപ്പെട്ടു. ഏകദേശം മൂന്ന് മണിക്കൂറിന് ശേഷം നഴ്‌സ് അവരുടെ പതിവ് ഷിഫ്റ്റിന്റെ സമയത്ത് വന്നു. എന്നാൽ വന്ന് നോക്കിയപ്പോൾ ലവ് സെല്ലിന്റെ തറയിൽ രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്.
അപ്പോഴേക്കും അവൾ ഒരു ആൺകുട്ടിയെ പ്രസവിച്ചിരുന്നു. അവൾ മെത്ത കീറി കുഞ്ഞിനെ അതിൽ പൊതിഞ്ഞു. കുഞ്ഞിന്റെ പൊക്കിൾകൊടി അവൾ കടിച്ച് പൊട്ടിച്ചു. ലവിനെ നിരീക്ഷിക്കാനും എന്തെങ്കിലും മാറ്റം വന്നാൽ വിളിക്കാനും നഴ്സ് ജയിലറോട് പറഞ്ഞിരുന്നു. എന്നാൽ അവൾക്ക് പ്രസവവേദനയാണെന്ന അവർ നഴ്സിനോട് പറഞ്ഞില്ല. ലവിന് വിത്ത്ഡ്രോവൽ സിപ്റ്റംസ് ആണെന്നാണ് താൻ ധരിച്ചത് എന്നവർ കോടതിയിൽ പറഞ്ഞു. ജയിൽ ജീവനക്കാർക്ക് വേണ്ടി വാദിച്ച അഭിഭാഷകൻ എല്ലാ തെറ്റുകളും നിഷേധിച്ചു. കുഞ്ഞിനെ കണ്ടെത്തുന്നതിനുമുമ്പ് ലവ് പ്രസവ വേദനയിലാണെന്ന് ജീവനക്കാർക്ക് അറിയാമായിരുന്നില്ല എന്നാണ് അവർ വാദിച്ചത്.
രണ്ടുവർഷമായി ലവ് ലഹരിയിൽ നിന്ന് മുക്തമാണ്. അവൾക്ക് ഉണ്ടായ ആ അനുഭവം എന്നാൽ ഇപ്പോഴും അവളെ വേട്ടയാടുന്നു. ഇപ്പോഴും പല രാത്രികളിലും അവൾ ഭയന്ന് എഴുന്നേൽക്കുന്നു. ആ അനുഭവം ഒരിക്കലും മറക്കാനാവില്ല എന്നാണവൾ വൈസിനോട് പറഞ്ഞത്.