ഉപ്പള: കാൻസർ രോഗ ബാധിതരെ ഏതെങ്കിലുമൊരു തരത്തിൽ എങ്ങനെയെങ്കിലും സഹായിക്കണമെന്ന ആലോചനയിൽ ധീരജ് എന്ന ചെറുപ്പക്കാരൻ കണ്ടെത്തിയ മാർഗം വിഗ്ഗ് നിർമിക്കാൻ മുടി ദാനം ചെയ്യുക എന്നതാണ്.
അതിനായി തീരുമാനമെടുത്ത ബന്തിയോട് മുട്ടംഗേറ്റിലെ ധീരജ് മുടി വളർത്താൻ തുടങ്ങി. കഴിഞ്ഞ മൂന്ന് വർഷത്തോളമാണ് ധീരജ് മുടി വളർത്തിയത്. കാൻസർ രോഗികളുടെ മുടി നഷ്ടപ്പെടുന്ന സങ്കടമോർത്താണ് ഇത്തരമൊരു പുണ്യ പ്രവർത്തി ചെയ്യാൻ ധീരജിനെ പ്രേരിപ്പിച്ചത്. താൻ വളർത്തിയ മുടി രോഗികൾക്ക് നൽകാൻ പാകത്തിൽ അത്രയും വളർന്നപ്പോഴാണ് മുടി മുറിക്കാൻ തീരുമാനിച്ചത്.
അതിനിടെയാണ് ബന്തിയോടിൽ ഹെയർ ക്രാഫ്റ്റ് എന്ന പുതിയ സലൂൺ പ്രവർത്തനമാരംഭിക്കുന്ന വിവരം ധീരജിന് അറിഞ്ഞത്. കടയുടെ ഉദ്ഘാടന ദിവസം തന്നെ കാൻസർ രോഗികൾക്ക് നൽകാനായി മൂന്ന് വർഷമായി വളർത്തിയ മുടി ഇവിടെ വച്ച് മുറിച്ച് ബന്ധപ്പെട്ടവർക്ക് കൈമാറി. മുടി നഷ്ടപ്പെട്ട കാൻസർ രോഗികളുടെ ചിത്രങ്ങളും മറ്റും സമൂഹ മാധ്യമളിലൂടെ കാണാനിടയായത് തന്നെ വേദനിപ്പിച്ചുവെന്നാണ് ധീരജ് പറയുന്നത്. മുടി വളർത്തുന്നതിനെ ആദ്യം പലരും എതിർത്തിരുന്നുവെങ്കിലും കാര്യം മനസിലായപ്പോൾ പ്രശംസിക്കാനാണ് എല്ലാവരും മുന്നോട്ട് വന്നതെന്ന് ധീരജ് പറയുന്നു. മുട്ടം ഗേറ്റിലെ ബാലകൃഷ്ണ -വിനോദിനി ദമ്പതികളുടെ മകനാണ് ധീരജ്.