കസ്റ്റമര്‍ കെയറിലും കോള്‍ സെന്ററിലും സ്വദേശിവത്കരണം: ആശങ്കയിലായി സൗദിയിലെ മലയാളി പ്രവാസികള്‍

0
185

റിയാദ്: ഗള്‍ഫ് രാജ്യങ്ങള്‍ വിവിധ തൊഴില്‍ മേഖലകളില്‍ നടപ്പിലാക്കുന്ന സ്വദേശിവത്കരണത്തില്‍ ആശങ്കയിലായി പ്രവാസികള്‍. കുവൈത്തിനും ഒമാനും പിന്നാലെ സൗദിയും സ്വദേശിവത്കരണ ചട്ടങ്ങള്‍ ശക്തിപ്പെടുത്തുകയാണ്.

സൗദിയിലെ കസ്റ്റമര്‍കെയര്‍, കോള്‍ സെന്റര്‍ വിഭാഗങ്ങളില്‍ 100 ശതമാനം സ്വദേശിവത്കരണം നടപ്പില്‍ വരുത്തുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ഈ മേഖലയില്‍ പുറംസേവന കരാര്‍ (ഔട്ട് സോഴ്‌സിംഗ്) നല്‍കുന്നതും ഇന്ത്യ, പാകിസ്ഥാന്‍, യു.എസ്, യു.കെ തുടങ്ങിയ രാജ്യങ്ങളിലെ ഏജന്‍സികള്‍ക്ക് കോള്‍സെന്റര്‍ സേവനം നല്‍കുന്നതും തടഞ്ഞിരിക്കുകയാണ്.

പുതിയ നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ കസ്റ്റമര്‍ കെയര്‍, ഫോണ്‍, ഇമെയില്‍, ഓണ്‍ലൈന്‍ ചാറ്റ്, സമൂഹ മാധ്യമങ്ങള്‍ തുടങ്ങിയ മേഖലകളിലും പുറംസേവന കരാര്‍ നല്‍കാന്‍ പാടില്ലെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.

പുറംസേവന കരാറുകള്‍ നിര്‍ത്തലാക്കിയതും ഈ മേഖലകളില്‍ സമ്പൂര്‍ണ്ണ സ്വദേശിവത്കരണം വരുത്തുന്നതും നിലവില്‍ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള പ്രവാസികളെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.

ഒട്ടുമിക്ക തൊഴില്‍മേഖലകളിലും സ്വദേശിവത്കരണം നടപ്പിലാക്കിയതിനാല്‍ ജോലി നഷ്ടപ്പെടുന്നവര്‍ക്ക് പുതിയ ജോലി ലഭിക്കാനുള്ള സാധ്യതകള്‍ വിരളമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ കുവൈത്തില്‍ സ്വദേശിവത്കരണം ശക്തമായ സാഹചര്യത്തില്‍ പൊതുമേഖലയില്‍ പ്രവാസികളുടെ എണ്ണം ഗണ്യമായി കുറയ്ക്കാന്‍ നീക്കം നടത്തുന്നതായുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതുവഴി പൊതുമേഖലാ ജോലികളില്‍ 100 ശതമാനം സ്വദേശിവത്ക്കരണം നടത്തുകയാണ് ലക്ഷ്യം. ഇതിനായി സിവില്‍ സര്‍വീസ് ബ്യൂറോ പദ്ധതി തയ്യാറാക്കിയതായി വാണിജ്യ വ്യാപാര മന്ത്രി ഫൈസല്‍ അല്‍ മെദ്‌ലിജ് അറിയിച്ചു.

രണ്ട് വര്‍ഷത്തിനകം അഞ്ച് മേഖലകളില്‍ സ്വദേശിവത്ക്കരണം പൂര്‍ണമാക്കും. വിദ്യാഭ്യാസം, ക്രിമിനല്‍ ഫോറന്‍സിക് എന്നിവയില്‍ 97 ശതമാനം സ്വദേശിവത്ക്കരണമുണ്ടാകും. ഏറ്റവും കുറവുള്ള കാര്‍ഷിക മേഖലയില്‍ ഇത് 75 ശതമാനം ആണ്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മൂന്ന് മാസത്തിനിടെ 83,000ത്തില്‍ അധികം പ്രവാസികള്‍ കുവൈത്തില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയതായാണ് അറിയുന്നത്. ഇതോടെ രാജ്യത്തെ വിദേശികളുടെ എണ്ണം 15 ലക്ഷം ആയിട്ടുണ്ട്. ഒമാനിലും വിവിധ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പിലാക്കിയിരുന്നു.

സ്വദേശിവത്കരണം നടപ്പിലാക്കുന്നതോടെ ജോലി നഷ്ടപ്പെട്ട് പ്രവാസികള്‍ക്ക് കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here