ഒരു കോടി പിരിച്ചതായി തെളിയിച്ചാല്‍ ഒരു കോടി രൂപ ഇനാം: ആരോപണം തെളിയിക്കാന്‍ വെല്ലുവിളിച്ച് യൂത്ത് ലീഗ്

0
170

കത്‍വ, ഉന്നാവോ പെണ്‍കുട്ടികളുടെ കുടുംബത്തിനായി പിരിച്ച പണം മുസ്‍ലിം യൂത്ത് ലീഗ് വകമാറി ചെലവഴിച്ചതായുള്ള ആരോപണം തെളിയിക്കാന്‍ വെല്ലുവിളിച്ച് യൂത്ത് ലീഗ് ദേശീയ നേതാക്കള്‍. പിരിച്ചെടുത്തത് 39,33,597 രൂപയാണ്. കുടുംബങ്ങള്‍ക്ക് സഹായമായി നല്‍കി ബാക്കിയുള്ള പണം നിയമപോരാട്ടത്തിനായാണ് നീക്കിവെച്ചതെന്നും നേതാക്കള്‍ പറഞ്ഞു.

മുസ്‍ലിം യൂത്ത് ലീഗിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കപ്പെട്ട യൂസുഫ് പടനിലം തന്റെ ആരോപണം വസ്തുതാ പരമായി തെളിയിച്ചാല്‍ ഒരു കോടി രൂപ ഇനാം നല്‍കുമെന്ന് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വക്കറ്റ് ഫൈസല്‍ ബാബു പറഞ്ഞു. നിയമസഭാ തെരഞ്ഞടുപ്പില്‍ കുന്ദമംഗലം സീറ്റില്‍ എല്‍.ഡി.എഫ് സീറ്റ് നല്‍കുമെന്ന പ്രതീക്ഷയിലാണ് അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ചതെന്നും ഇതിനായി വിലകുറഞ്ഞ രാഷ്ട്രീയം പയറ്റുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു കോടി രൂപ പിരിച്ചെന്ന് പറയുന്ന ആള്‍ അത് തെളിയിച്ചാല്‍ അയാള്‍ക്ക് ഒരുകോടി രൂപ ഇനാമായി കൊടുക്കും. ദേശീയ പ്രസിഡണ്ട് സാബിര്‍ ഗഫ്ഫാര്‍, പാര്‍ട്ടി വിട്ടത് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണെന്നാണ് മറ്റ് ആരോപണം. തന്നെ ഈ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് സാബിര്‍ ഗഫ്ഫാര്‍ തന്നെ അന്ന് പറഞ്ഞിട്ടുണ്ടെന്നും അഡ്വക്കറ്റ് ഫൈസല്‍ ബാബു പറഞ്ഞു.

കത്‍വയിലെയും ഉന്നോവോയിലെയും പെണ്‍കുട്ടികളുടെ കുടുംബത്തിനായി യൂത്ത് ലീഗ് പ്രധാനമായും നിയമ പോരാട്ടം നടത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ പറഞ്ഞു. ഇതിനായി പിരിച്ചെടുത്ത പണത്തിന്റെ കണക്കും യൂത്ത് ലീഗ് നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി. മൊത്തം പിരിച്ചത് 39,33,597 രൂപയാണ്. ഇതില്‍ 24, 60,000 രൂപ കുടുംബത്തിന് കൊടുത്തതുമായിട്ടും കേസ് നടത്തിപ്പുമായി ബന്ധപ്പെട്ടും ചെലവഴിച്ചു കഴിഞ്ഞു. ഇനി 14, 73,597 രൂപയാണ് കയ്യിലുള്ളത്. നിലവില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. ഹൈക്കോടതിയില്‍ കേസ് നടത്താന്‍ എന്തായാലും ഇനി ഫണ്ട് മതിയാവില്ലെന്നും സി. കെ സുബൈര്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here