തിരുവനന്തപുരം: നിയമസഭ തെരെഞ്ഞെടുപ്പില്‍ എണ്‍പത്തിനാല് സീറ്റില്‍ മത്സരിക്കാനൊരുങ്ങി എസ് ഡി പി ഐ. ഇരുമുന്നണികളുമായി ഇത്തവണ ധാരണയോ നീക്കുപോക്കോ ഉണ്ടാക്കില്ല. എന്നാല്‍ ബിജെപി ശക്തി കേന്ദ്രങ്ങളില്‍ ജയസാധ്യത ഏത് മുന്നണിക്കാണോ അവരെ സഹായിക്കുമെന്ന മുന്‍ നിലപാട് ഇത്തവണയും തുടരും.
തദ്ദേശ തെരെഞ്ഞെടുപ്പില്‍ 47 ല്‍ നിന്ന് 102 ലേക്ക് സീറ്റ് ഉയര്‍ത്തിയ ആത്മ വിശ്വാസത്തിലാണ് എസ്ഡിപിഐ അടുത്ത അങ്കത്തിന് ഒരുങ്ങുന്നത്. 84 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും. തദ്ദേശ തെരെഞ്ഞെടുപ്പില്‍ ഇരുമുന്നണികളോടും നീക്കുപോക്ക് ഉണ്ടാതെ പ്രതീക്ഷിച്ചതിലും അപ്പുറം നേട്ടം ഉണ്ടാക്കി. അതിനാല്‍ നിയമസഭ തെരെഞ്ഞെടുപ്പിലും ആ നിലപാട് ആവര്‍ത്തിക്കാനാണ് എസ്ഡിപിഐ തീരുമാനം.
കഴിഞ്ഞ തവണ മഞ്ചേശ്വരം, നേമം പോലുള്ള ബിജെപി സ്വാധീന മണ്ഡങ്ങളില്‍ എസ്ഡിപിഐക്ക് സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നില്ല. ഇത്തവണയും ഈ മണ്ഡലങ്ങളില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല. പകരം ഏത് മുന്നണിയിലെ സ്ഥാനാര്‍ത്ഥിക്കാണോ വിജയ സാധ്യത അവരെ പിന്തുണക്കും. അധികാരത്തില്‍ നിന്ന് ബിജെപിയെ മാറ്റി നിര്‍ത്തണമെന്ന എസ്ഡിപിഐയുടെ പ്രഖ്യാപിത നിലപാടിന്‍റെ ഭാഗമാണിത്. ദളിത് പിന്നോക്ക വിഭാഗങ്ങളെ കൂടി ഒപ്പം നിര്‍ത്തി നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ശക്തരാവാനുള്ള തയ്യാറെടുപ്പിലാണ് എസ്ഡിപിഐ.