ഇനി സ്കൂളുകളിൽ പ്രഭാതഭക്ഷണവും സൗജന്യം

0
288

തിരുവനന്തപുരം ∙ എല്ലാ പൊതുവിദ്യാലയങ്ങളിലും ആവശ്യക്കാരായ വിദ്യാർഥികൾക്കു പ്രഭാതഭക്ഷണം സൗജന്യമായി നൽകാൻ തദ്ദേശ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണമെന്നു സംസ്ഥാന ഭക്ഷ്യകമ്മിഷൻ ഉത്തരവിട്ടു. അടുത്ത അധ്യയന വർഷം മുതൽ ക്ലാസുകൾ ആരംഭിക്കുന്ന സാഹചര്യം ഒരുങ്ങിയാൽ ഇതു നടപ്പാക്കാനാണു നിർദേശം. തദ്ദേശസ്ഥാപനങ്ങളുടെ തനതു ഫണ്ട്, പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധത (സിഎസ്ആർ) ഫണ്ട്, സന്നദ്ധസംഘടനകളുടെ സഹായം എന്നിവ ഇതിനായി ഉപയോഗപ്പെടുത്താം.

കാസർകോട് കൊളാടിയിലെ സ്കൂളിൽ പ്രഭാതഭക്ഷണം കഴിക്കാതെ എത്തുന്ന ആദിവാസി കുട്ടികൾ കുഴ‍ഞ്ഞുവീണ സംഭവമാണു കമ്മിഷന്റെ കണ്ണുതുറപ്പിച്ചതും ഉത്തരവിന് ഇടയാക്കിയതും. കമ്മിഷൻ ചെയർമാൻ കെ.വി.മോഹൻകുമാറിന്റെ നേതൃത്വത്തിൽ വിവിധ ജില്ലകളിലായി നടന്ന തെളിവെടുപ്പിൽ ഇത്തരം കൂടുതൽ സംഭവങ്ങൾ ശ്രദ്ധയിൽപെട്ടു.

നിലവിൽ തദ്ദേശസ്ഥാപനങ്ങളുടെയും മറ്റും സഹായത്തോടെ സംസ്ഥാനത്തെ രണ്ടായിരത്തി ഇരുനൂറോളം പൊതുവിദ്യാലയങ്ങളിൽ സൗജന്യമായി വിദ്യാർഥികൾക്കു പ്രഭാതഭക്ഷണം നൽകുന്നതും കണക്കിലെടുത്താണു കമ്മിഷന്റെ തീരുമാനം. നിലവിൽ 12,600 പൊതുവിദ്യാലയങ്ങളിലായി 28 ലക്ഷത്തോളം കുട്ടികൾക്കു സർക്കാർ സൗജന്യമായി ഉച്ചഭക്ഷണം നൽകുന്നുണ്ട്. കോവിഡ് സാഹചര്യത്തിൽ, ഇവ ഭക്ഷ്യകൂപ്പണുകളാണു വിതരണം ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here