വീട്ടിലിടമില്ല; ബ്രിഡ്ജറ്റ് ചേച്ചിയുടെ ഭൗതിക ശരീരം സൂക്ഷിച്ചത് മദ്രസാ ക്ലാസ്‌റൂമിൽ; പൊന്നാട്ടെ മദ്രസയിൽ നിന്ന് പൂർണ്ണ മത ചടങ്ങോട് കൂടി കോഴിക്കോട്ടെ സെമിത്തേരിയിലേക്ക്; നന്മയൊരുക്കി നാട്

0
323

മലപ്പുറം: ആരോരുമില്ലാത്ത വയോധികയുടെ അന്ത്യകർമ്മങ്ങൾ പൂർണ്ണമായ മതവിശ്വാസപ്രകാരം തന്നെ നടത്താൻ കൂടെ നിന്ന് ഇതരമതസ്ഥരായ അയൽക്കാരും നാട്ടുകാരും. അകലെയുള്ള ബന്ധുക്കൾക്ക് എത്തിച്ചേരാൻ അസൗകര്യമുള്ളതുകൊണ്ടു തന്നെ ബ്രിഡ്ജറ്റ് എന്ന വയോധികയുടെ മരണത്തിന് പിന്നാലെ മലപ്പുറത്തെ പൊന്നാട് എന്ന ഗ്രാമത്തിലെ ജനങ്ങൾ ഒരുമിച്ചാണ് ഇവർക്ക് അന്ത്യയാത്ര ഒരുക്കുന്നത്. വീട്ടിൽ ഫ്രീസർ കയറ്റാനും മൃതദേഹം സൂക്ഷിക്കാനും ഇടമില്ലാതെ വന്നപ്പോൾ തൊട്ടടുത്ത മദ്രസാ ക്ലാസ്‌റൂം തുറന്ന് സൗകര്യമൊരുക്കി മദ്രസാകമ്മിറ്റി മുന്നോട്ട് വരികയായിരുന്നു.

bridget2

മൃതദേഹം കുളിപ്പിക്കാൻ കുളിപ്പുര ഒരുക്കി നാട്ടിലെ യുവാക്കളും മൃതദേഹത്തെ കുളിപ്പിച്ച് ഒരുക്കാൻ നാട്ടിലെ ചേച്ചിമാരും ഇത്താത്തമാരും മുന്നോട്ട് വന്നിരിക്കുകയാണ്. ആരേയും നിർബന്ധിച്ചിട്ടോ ചർച്ചകൾ നടത്തിയോ അല്ല, എല്ലാവരും സ്വമനസാലെ സന്നദ്ധരായി വയോധികയ്ക്ക് അർഹിച്ച അന്ത്യയാത്ര ഒരുക്കുകയായിരുന്നെന്ന് സിദ്ധീക്ക് പൊന്നാട് ഫേസ്ബുക്കിൽ കുറിക്കുന്നു. ശനിയാഴ്ച പൂർണ്ണമായും ക്രിസ്തീയ ആചാരപ്രകാരം അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കി മൃതദേഹം ഉച്ചയോടെ കോഴിക്കോട്ടെ സെമിത്തേരിയിലേക്ക് എത്തിക്കും. അവിടെയാണ് ബ്രിഡ്ജറ്റിന്റെ അന്ത്യവിശ്രമം.

bridget

മഞ്ചേരിയിലെ ഒരു ഹോസ്റ്റലിൽ വാർഡനായിരുന്ന ബ്രിഡ്ജറ്റ് റിട്ടയർ ആയതോടെയാണ് ജാനകി എന്ന സഹായിയോടൊപ്പം പൊന്നാട് താമസമാക്കിയത്.

സിദ്ധിക്ക് പൊന്നാടിന്റെ ഫേസ്ബുക്ക് കുറിപ്പ്:

നേരം പാതിരാവോടടുക്കുന്നു.പൊന്നാട് മദ്രസാ അങ്കണം അപ്രതീക്ഷിതമായ തിരക്കിലാണ്.എവിടെ നിന്നോ വന്ന ഒരു അമ്മയുടെ അന്ത്യ കർമങ്ങൾക്കായാണ് ഈ ഒത്തുകൂടൽ…സ്വന്തമോ ബന്ധമോ ഈ നാട്ടിലില്ലാത്ത ബ്രിഡ്ജറ്റ് റിച്ചാഡ്‌സ് എന്ന ഈ ചേച്ചി കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഒരു കൊച്ചു വീട് വാങ്ങി ഇവിടെ താമസിക്കുകയായിരുന്നു.

bridget23

മഞ്ചേരിയിൽ ഒരു ഹോസ്റ്റൽ വാർഡനായി സേവനമനുഷ്ഠിച്ചിരുന്ന ഇവർ പെൻഷനോട് കൂടി തീർത്തും ഒറ്റപ്പെടുകയായിരുന്നു. പ്രണയ വിവാഹിതയായിരുന്ന ബ്രിഡ്ജറ്റ് ചേച്ചി മഞ്ചേരി സ്വദേശിയായിരുന്ന നേരത്തെ മരണപ്പെട്ട ഭർത്താവ് സുന്ദരേട്ടനെ കുറിച്ചുള്ള നല്ല ഓർമ്മകൾ പലപ്പോഴായി പറയാറുണ്ടായിരുന്നു….
കുട്ടികളില്ലാത്ത ഇവർക്ക് കൂട്ടായി ഉണ്ടായിരുന്നത് സന്തത സഹചാരി ജാനകിച്ചേച്ചിയാണ്.1964 മുതൽ ജോലിസ്ഥലത്ത് കൂടെയുള്ള ജാനകി ചേച്ചി ഒറ്റപ്പെടലിന്റെ വേദനയിൽ ഇപ്പോൾ തളർന്നിരിക്കുന്നു വീട്ടിൽ… രണ്ട് ചേച്ചിമാർ അവരുടെ വാർധക്യത്തിൽ ഒരുമിച്ചു കഴിയുന്നിടത്ത് നിന്ന് ബ്രിഡ്ജറ്റ് ചേച്ചി ഇന്ന് യാത്രയായി….
യാത്രയയക്കാനുള്ള ബന്ധുമിത്രാതികളെല്ലാം ദൂരെ ദിക്കിൽ…!! കേട്ടറിഞ്ഞെത്തിയ ഒന്നോ രണ്ടോ പേര് മാത്രം ഇവിടെയെത്തി… നാളെ ഉച്ചയോടെ എടുക്കാൻ തീരുമാനിച്ച ബോഡി സൂക്ഷിക്കാൻ CH സെന്ററിന്റെ ഫ്രീസറെത്തിച്ചു.ഫ്രീസർ വെക്കാൻ പക്ഷെ വീട്ടിലിടമില്ല….
തൊട്ടടുത്തുള്ള മദ്രസാ കമ്മറ്റിക്ക് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല.സ്വന്തം മദ്രസയിൽ ക്രിസ്ത്യാനിയായ ബ്രിഡ്ജറ്റ് ചേച്ചിയുടെ ഭൗതിക ശെരീരം സൂക്ഷിക്കാൻ ക്ലാസ്സ് റൂം തുറന്നു സൗകര്യപ്പെടുത്തി…. വിവരമറിഞ്ഞ ബന്ധുക്കൾ ദൂരെ നിന്നും വിളിച്ചു കണ്ണീരോടെ നന്ദി പറഞ്ഞു…. ആദ്യമായി ഈ മദ്രസ്സാ മുറ്റത്ത് ഒരു മയ്യിത്ത്…അതും മറ്റൊരു സമുദായത്തിലെ സഹോദരിയുടേത്….
അത് കൊണ്ടും തീർന്നില്ല.സ്ഥലത്തെ പൊതു പ്രവർത്തകരുടെ നേതൃത്വത്തിൽ മദ്രസ്സാ മുറ്റത്ത് കുളിപ്പുര യുയർന്നു…. ക്രിസ്തീയ ആചാരപ്രകാരം അയൽപക്കത്തെ താത്തമാരും ചേച്ചിമാരും ചേർന്നു കുളിപ്പിക്കുന്നു. ചേച്ചിയുടെ സഹോദരന്റെ മരുമകൾ ( മരണ വിവരമറിഞ്ഞു ദൂരെ നിന്നെത്തിയത് ) ഇതെല്ലാം നേരിൽ കണ്ട് അത്ഭുതം കൂറുന്നു… ഈ നാട് ‘പൊൻ നാട്’ തന്നെയെന്നവർ സാക്ഷ്യപ്പെടുത്തുന്നു…!!
ഇനി നാളെ ( 30.01.2021) പുരോഹിതരുടെ സാന്നിധ്യത്തിൽ മദ്രസ്സാ അങ്കണത്തിൽ നിന്നും കർമങ്ങൾക്ക് ശേഷം കോഴിക്കോട് സെമിത്തെരിയിലേക്ക്… തികഞ്ഞ ക്രിസ്തുമത വിശ്വാസിയായിരുന്ന ബ്രിഡ്ജറ്റ് ചേച്ചി, പൂർണ്ണമായ മത ചടങ്ങോട് കൂടി തന്നെ നാളെ ( 30.01.2020 ) കോഴിക്കോട്ടെ സെമിത്തേരിയിലേക്ക് യാത്രയാവും പൊന്നാട്ടെ മദ്രസയിൽ നിന്ന്,
മാനവ ഐക്യവും സമുദായ സൗഹൃദവും ബന്ധങ്ങളും കലുഷിതമാക്കാൻ ചിലർ കിണഞ്ഞു ശ്രമിക്കുന്ന ഈ കെട്ട കാലത്ത് കേട്ടറിവിന്റെ മലപ്പുറം മഹിമയല്ല കണ്ടറിവിന്റെ നേർ സാക്ഷ്യം തീർത്ത പൊന്നാട്ടു കാർക്കും മസ്ജിദ് , മദ്രസ കമ്മറ്റിക്കും അഭിനന്ദനങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here