ന്യൂദല്‍ഹി: പുതിയ സ്വകാര്യ നയം പിന്‍വലിക്കണമെന്ന് വാട്‌സ് ആപ്പിനോട് ആവശ്യപ്പെട്ട് ഇന്ത്യ. വാട്‌സ് ആപ്പ് സി.ഇ.ഒക്കാണ് കേന്ദ്രസര്‍ക്കാര്‍ കത്തയച്ചിരിക്കുന്നത്. സ്വകാര്യ നയം പൂര്‍ണമായും പിന്‍വലിക്കണമെന്നാണ് ആവശ്യം. വാട്‌സ് ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയും കേന്ദ്രം അറിയിച്ചിട്ടുണ്ട്.
അതേസമയം, സ്വകാര്യതാ നയം മാറ്റം വരുത്താനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറുകയാന്ന് അറിയിച്ച് വാട്‌സ് ആപ്പ് രംഗത്തെത്തിയിരുന്നു. തീരുമാനം സ്റ്റാറ്റസ് വഴിയാണ് വാട്‌സ് ആപ്പ് ഉപയോക്താക്കളെ അറിയിച്ചത്.
ഉപയോക്താക്കള്‍ക്കെല്ലാം അവരുടെ സ്റ്റാറ്റസില്‍ വാട്സ്ആപ്പിന്റേതായി ഒരു സ്റ്റാറ്റസ് വന്നിരുന്നു. നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ് , നിങ്ങളുടെ കോണ്‍ടാക്ട് ഫേസ്ബുക്കുമായി പങ്കുവെക്കില്ല, എന്‍ക്രിപ്റ്റഡ് ആയതിനാല്‍ നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങള്‍ വായിക്കാനോ കേള്‍ക്കാനോ ലൊക്കേഷന്‍ അറിയാനോ വാട്സ്ആപ്പിനാവില്ല എന്നിങ്ങനെയായിരുന്നു സ്റ്റാറ്റസുകള്‍.
സ്വകാര്യതാ നയം നടപ്പാക്കുന്നത് നീട്ടിവെച്ചതായി കഴിഞ്ഞ ദിവസം വാട്സ്ആപ്പ് അറിയിച്ചിരുന്നു. മേയ് മാസം 15 വരെ പുതിയ നയം നടപ്പാക്കില്ല. പുതിയ നയം സംബന്ധിച്ച് ഉപയോക്താക്കള്‍ക്കിടയില്‍ ഉള്ള തെറ്റിദ്ധാരണകള്‍ മാറ്റാന്‍ നടപടി എടുക്കുമെന്നുമായിരുന്നു അറിയിച്ചിരുന്നത്.
വാട്‌സ്ആപ്പ് സ്വകാര്യതാനയം പുതുക്കിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരുന്നു. മാതൃ കമ്പനിയായ ഫേസ്ബുക്കുമായി വിവരങ്ങള്‍ പങ്കുവയ്ക്കുമെന്നുമായിരുന്നു പുതിയ നയം. ഈ നയം അംഗീകരിച്ചില്ലെങ്കില്‍ വാട്സ്ആപ്പ് ഉപയോഗിക്കാനിവില്ലെന്നും അറിയിച്ചിരുന്നു.