വരുമോ, പഞ്ചായത്തിന്റെ റേഷൻ കട? ന്യായവില ഷോപ്പുകളാക്കും, സമഗ്ര മാറ്റം

0
216

തൃശൂർ ∙ റേഷൻകടകൾ ‘പഞ്ചായത്തുവക’യാകുന്ന കാലം അരികെ. റേഷൻകട നടത്തിപ്പിന് ഗ്രാമപഞ്ചായത്തുകൾക്കും വനിത കൂട്ടായ്മകള്‍ക്കും ലൈസൻസ് അനുവദിക്കുന്നതടക്കം സമഗ്ര മാറ്റങ്ങൾക്കു വഴിയൊരുക്കുന്ന റേഷനിങ് ഓർഡർ പരിഷ്കാരം സംബന്ധിച്ചു തീരുമ‍ാനമെടുക്കാൻ വ്യാഴാഴ്ച ഭക്ഷ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓൺലൈൻ യോഗം ചേരും.

അംഗീകൃത റേഷൻ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ചു നടക്കുന്ന യോഗം പൊതുവിതരണ വകുപ്പ് ഡയറക്ടറുടെ സാന്നിധ്യത്തിലാണ് ചേരുക. കാലങ്ങളായി നിലനിൽക്കുന്ന റേഷനിങ് ഓർഡർ പുതുക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ കരടു നിർദേശങ്ങളിൽ റേഷൻ സംഘടനാ പ്രതിനിധികളുടെ നിലപാട് നിർണായകമാകും.

കരടു നിർദേശങ്ങൾ കാര്യമായ ഭേദഗതി കൂടാതെ നടപ്പായാൽ പൊതുവിതരണ രംഗത്തു വിപ്ലവകരമായ മാറ്റങ്ങൾക്കാണ് വഴിയൊരുങ്ങുക. കരടു റിപ്പോർട്ടിലെ പ്രധാന നിർദേശങ്ങളിങ്ങനെ:

∙ പഞ്ചായത്തിനു മുൻഗണന: സ്വയംസഹായ സംഘങ്ങൾ, വനിതാ കൂട്ടായ്മകൾ, ഗ്രാമ പഞ്ചായത്തുകൾ, സഹകരണ സംഘങ്ങൾ, വിമുക്ത ഭടന്മാർ, വ‍ിദ്യാസമ്പന്നരായ തൊഴിൽരഹിത യുവാക്കൾ എന്നിവയ്ക്കു റേഷൻ കട ലൈസന്‍സിനു മുൻഗണന.

∙ റേഷൻ കടകളെ ന്യായവില ഷോപ്പുകളാക്കി മാറ്റും. 21 വയസ്സ് തികഞ്ഞ, 62 വയസ്സ് കവിയാത്ത, പത്താം ക്ലാസ് പാസായ, അനാരോഗ്യമില്ലാത്ത ആർക്കും ലൈസൻസിന് അപേക്ഷിക്കാം. എന്നാൽ, നിലവിലെ റേഷൻ കടകളെതന്നെ ന്യായവില ഷോപ്പുകളാക്കി മാറ്റി നിലനിർത്തണമെന്നു വ്യാപാരികൾ ആവശ്യപ്പെടുന്നു.

∙ വാർഡ് നിവാസിയാകണം: റേഷൻകട നിലനിൽക്കുന്ന വാർഡിൽ താമസിക്കുന്നയാളാകണം ലൈസൻസിയെന്ന് ഉത്തരവിൽ പറയുന്നു. കുറഞ്ഞതു മൂന്നു വർഷമെങ്കിലും ഈ വാർഡിൽ താമസിച്ചതിന്റെ രേഖ ഹാജരാക്കണം. ഈ നിർദേശം പ്രായോഗികമല്ലെന്നും തിരുത്തേണ്ടതാണെന്നുമാണ് വ്യാപാരികളുടെ ആവശ്യം.

∙ വിശാലമാകണം കടമുറി: രണ്ടു മാസത്തേക്കുള്ള റേഷൻ ധാന്യം സൂക്ഷിക്കാൻ പാകത്തിനു വിശാലമാകണം കടമുറികൾ. 10 ക്വിന്റൽ ഭക്ഷ്യസാധനങ്ങൾക്കായി 14 ചതുരശ്രയടി സ്ഥലംവേണം. ജോലി ചെയ്യാൻ 40 ചതുരശ്രയടിയും. മണ്ണെണ്ണ സൂക്ഷിക്കാൻ 5 ചതുരശ്രയടി. ഇവ ഉറപ്പാക്കാത്തവർക്കു ലൈസൻസ് നൽകേണ്ടതില്ല. എന്നാൽ, ഒരു രാജ്യം ഒരു റേഷൻ കട പദ്ധതി നടപ്പായതോടെ നിലവിലെ മുറികൾ മാറ്റേണ്ടതില്ലെന്നു വ്യാപാരികളുടെ വാദം.

∙ ലൈസൻസിങ് അതോറിറ്റി: കടയുടമകളുടെ ലൈസൻസ് പുതുക്കാനും റദ്ദാക്കാനും ലൈസൻസിങ് അതോറിറ്റിക്ക് പൂർണ അധികാരം. കടയുടമയുടെ ഭക്ഷ്യവിതരണം തൃപ്തികരമായ രീതിയിൽ അല്ലെങ്കിലോ നിയമവിരുദ്ധ പ്രവൃത്തി കണ്ടാലോ ലൈസൻസ് റദ്ദാക്കാൻ അധികാരമുണ്ടാകും. റേഷൻ കടകളിലെ ഇ–പോസ് മെഷീൻ വഴിയുള്ള എല്ലാ ഇടപാടുകളും നിരീക്ഷിക്കാൻ സംവ‍ിധാനം.

LEAVE A REPLY

Please enter your comment!
Please enter your name here