രാത്രിയില്‍ ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് വണ്ണം കൂടാന്‍ ഇടയാക്കുമോ?

0
295

ഭക്ഷണക്രമത്തെ കുറിച്ച് നമുക്ക് സാധാരണഗതിയില്‍ നമുക്ക് ചില കാഴ്ചപ്പാടുകളൊക്കെയുണ്ട്. രാവിലെ- ബ്രേക്ക്ഫാസ്റ്റ്, ഉച്ചയോടെ ‘ലഞ്ച്’, വൈകീട്ട് ചായയോ സ്‌നാക്‌സോ ആകാം, രാത്രി ഏഴ്- എട്ട് മണിയോട് കൂടി അത്താഴം. ഈ രീതിയിലാണ് പൊതുവേ നമ്മള്‍ ഭക്ഷണം കഴിപ്പ് ക്രമീകരിക്കുന്നത്, അല്ലേ?

അതുകൊണ്ട് തന്നെ രാത്രിയില്‍ വീണ്ടും എന്തെങ്കിലും കഴിക്കുന്നത് വണ്ണം കൂടാന്‍ ഇടയാക്കുമെന്നും അത് അനാരോഗ്യകരമാണെന്നും നമ്മള്‍ പറയാറുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ചില ഘടകങ്ങള്‍ കൂടി സ്വാധീനിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

ആദ്യം സൂചിപ്പിച്ചത് പോലെ കൃത്യമായ ക്രമം പിന്തുടരുന്നവരാണെങ്കില്‍ അവര്‍ രാത്രിയിലും ഭക്ഷണം കഴിക്കുന്നത്, അനാരോഗ്യകരം തന്നെയാണ്. കാരണം, പകല്‍സമയത്ത് തന്നെ അവരുടെ ശരീരത്തിനാവശ്യമായത്രയും കലോറി അവര്‍ എടുത്തിരിക്കും. ഇതിന് പുറമെയാണ് രാത്രിയും അധിക കലോറിയെത്തുന്നത്.

അതേസമയം, പകല്‍സമയങ്ങളില്‍ അത്രയധികം ഭക്ഷണം കഴിക്കുന്നില്ല- എന്നുള്ളവരാണെങ്കില്‍ അവര്‍ക്ക് രാത്രി ധൈര്യമായി ഭക്ഷണം കഴിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വ്യായാമം, അല്ലെങ്കില്‍ ശാരീരികാധ്വാനം എന്ന ഘടകവും ഇവിടെ പ്രധാനമാണ്.

രാത്രിയില്‍ പൊതുവേ നമ്മള്‍ വിശ്രമിക്കുകയാണ് പതിവ്. അങ്ങനെ വരുമ്പോള്‍ ദഹനപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായിരിക്കും. അതേസമയം രാത്രിയും ‘ആക്ടീവ്’ ആകുന്ന ഒരാളെ സംബന്ധിച്ച് അവര്‍ക്ക് പകലെന്ന പോലെ തന്നെ ഭക്ഷണം കഴിക്കാവുന്നതാണ്.

എന്നാല്‍ ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക പ്രശ്‌നങ്ങളുള്ളവര്‍ രാത്രിയില്‍ അമിതമായി ഭക്ഷണം കഴിക്കുന്ന ശീലങ്ങളിലെത്താറുണ്ട്. ഇത്തരത്തില്‍ പകല്‍ സമയത്തെ ഭക്ഷണത്തിന് പുറമേ രാത്രിയിലും അമിതമായി ഭക്ഷണം കഴിച്ചാല്‍ തീര്‍ച്ചയായും അത് അനാരോഗ്യകരമായിരിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. മിതമായ അളവിലായിരിക്കണം എപ്പോഴും ഭക്ഷണം കഴിക്കേണ്ടത്. അതുപോലെ മണിക്കൂറുകളോളം കഴിക്കാതിരിക്കുകയും അരുത്. ഇങ്ങനെ ദീര്‍ഘമായ നേരം വിശന്നിരുന്ന ശേഷം ‘ഹെവി’ ഭക്ഷണം കഴിക്കുന്നതും ദഹനപ്രശ്‌നങ്ങളുണ്ടാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here