രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫിന്റെ ഐശ്വര്യകേരളയാത്ര ഞായറാഴ്ച വൈകിട്ട് കുമ്പളയില്‍ നിന്ന് പ്രയാണമാരംഭിക്കും; ഉദ്ഘാടകന്‍ ഉമ്മന്‍ചാണ്ടി

0
315
കാസര്‍കോട്: നിയസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി അണികള്‍ക്ക് ആവേശം പകരാന്‍ വിവിധ പരിപാടികളുമായി മുന്നണികള്‍ സജീവമാകുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫിന്റെ ഐശ്വര്യകേരളയാത്രക്ക് നാളെ കുമ്പളയില്‍ തുടക്കമാകും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അഴിമതികളും ജനവിരുദ്ധ പ്രവര്‍ത്തനങ്ങളും വര്‍ഗീയ പ്രീണന നയങ്ങളും സംസ്ഥാനത്തെ സി.പി.എം-ബി.ജെ.പി അവിശുദ്ധ സഖ്യവും തുറന്നുകാട്ടുകയെന്നത് യാത്രയുടെ പ്രധാന ലക്ഷ്യമാണെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. വൈകിട്ട് നാലുമണിക്ക് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് യാത്ര ഉദ്ഘാടനം ചെയ്യുന്നത്.
സംശുദ്ധം സദ്ഭരണം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഐശ്വര്യകേരളയാത്ര പ്രയാണമാരംഭിക്കുന്നത്. ഉമ്മന്‍ചാണ്ടിക്ക് പുറമെ മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, എം.കെ മുനീര്‍ എം.എല്‍.എ, എം.എം ഹസന്‍, പി.ജെ ജോസഫ്, എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്, വി.ഡി സതീശന്‍ എം.എല്‍.എ, സി.പി ജോണ്‍, ഷാഫി പറമ്പില്‍ എം.എല്‍.എ, ലതികാസുഭാഷ്, ദേവരാജന്‍ എന്നിവര്‍ ജാഥാംഗങ്ങളാണ്.
സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും യാത്ര പര്യടനം നടത്തും. ഫെബ്രുവരി 22ന് റാലിയോടെ യാത്ര തിരുവനന്തപുരത്ത് സമാപിക്കും. കോണ്‍ഗ്രസ് ദേശീയ നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും റാലിയില്‍ പങ്കെടുക്കും. 31ന് വൈകിട്ട് അഞ്ചുമണിക്ക് ചെങ്കള, ഫെബ്രുവരി ഒന്നിന് രാവിലെ 10 മണിക്ക് പെരിയ, 11 മണിക്ക് കാഞ്ഞങ്ങാട്, 12 മണിക്ക് തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. ഐശ്വര്യകേരളയാത്ര വിജയിപ്പിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ജില്ലയിലുടനീളം സജ്ജമാക്കിയതായി യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സി.ടി അഹമ്മദലി, കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍ എന്നിവര്‍ അറിയിച്ചു.
കാസര്‍കോട് ജില്ലയുടെ സമഗ്രവികസനത്തിന് നിര്‍ദേശം നല്‍കുന്ന പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതോടൊപ്പം ഇതില്‍ ഉള്‍പ്പെടാത്ത നിരവധി വികസന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടുകൂടി യു.ഡി.എഫ് പ്രകടനപത്രികയിലുള്‍പ്പെടുത്തി ജില്ലയുടെ വികസനദാരിദ്യം നികത്തിയെടുക്കുകയെന്നതും യാത്രയുടെ ലക്ഷ്യമാണെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here