ദേശീയ യൂത്ത് പാർലമെന്റിലെ പ്രസംഗ മികവിനു പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ച അരുവിത്തുറ സെന്റ് ജോർജ് കോളജിലെ ബിഎ ഇംഗ്ലിഷ് മൂന്നാം വർഷ വിദ്യാർഥി എസ്.മുംതാസിന് ആശംസാപ്രവാഹം. നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ നടത്തിയ ജില്ലാ–സംസ്ഥാന തല മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ചതോടെയാണു പാർലമെന്റിലെ സെൻട്രൽ ഹാളിൽ നടന്ന മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.
‘സാർവത്രിക അടിസ്ഥാന വരുമാന പദ്ധതി’ എന്ന വിഷയത്തിലായിരുന്നു പ്രസംഗം. പ്രസംഗത്തിനു പിന്നാലെ, വാക്ചാതുര്യവും ആവിഷ്കാര മികവുമായി മുംതാസ് മികച്ചുനിന്നെന്നു പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. എൻഎസ്എസിൽ മികവു പുലർത്തിയിരുന്നതിനാൽ കേരളത്തെ പ്രതിനിധീകരിച്ച് 2020-ലെ റിപ്പബ്ലിക് ദിന പരേഡിലും മുംതാസ് പങ്കെടുത്തിട്ടുണ്ട്.
Mumthas S. from Kerala is both eloquent and expressive in her speech at the National Youth Parliament Festival. https://t.co/R8To68yEqo
— Narendra Modi (@narendramodi) January 12, 2021
എംജി സർവകലാശാലയിലെ മികച്ച എൻഎസ്‌എസ് വൊളന്റിയറായും (2019–20) തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇ.ഷാജി– റഷീദ ദമ്പതികളുടെ മകളും പത്തനംതിട്ട സ്വദേശിയുമാണ്. നേട്ടത്തെക്കുറിച്ചു മുംതാസ് പ്രതികരിക്കുന്നു.
∙ യൂത്ത് പാർലമെന്റ്
ഡിസംബർ 28 ഓടെയാണു പ്രാരംഭ മത്സരങ്ങൾ തുടങ്ങിയത്. നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ ഓരോ ജില്ലയിലെയും ഏറ്റവും മികച്ച പ്രാസംഗികരെ തിരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്തത്. ഓരോ ജില്ലയിൽനിന്നും ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചവർ സംസ്ഥാന തലത്തിൽ മത്സരിച്ചു. പത്തനംതിട്ട ജില്ലയിൽനിന്ന് ഒന്നാം സ്ഥാനം ലഭിച്ചു. സംസ്ഥാന തലത്തിലും ഒന്നാമതെത്തി. ആദ്യ മൂന്നു സ്ഥാനം ലഭിച്ചവർക്ക് യൂത്ത് പാർലമെന്റിൽ പ്രസംഗിക്കാൻ അവസരം ലഭിച്ചു. ന്യൂഡൽഹിയിലും മികച്ച പ്രകടനം നടത്താനായി.
∙ പ്രസംഗം
നാലു വിഷയങ്ങളിൽ ഒന്നാണ് പ്രസംഗത്തിനായി തിരഞ്ഞെടുക്കേണ്ടത്. വിഷയങ്ങൾ രണ്ടു ദിവസം മുൻപു ലഭിക്കും. ‘സാർവത്രിക അടിസ്ഥാന വരുമാന പദ്ധതി’ തിരഞ്ഞെടുത്തു. പദ്ധതി നാട്ടിൽ നടപ്പാക്കിയാൽ അടിസ്ഥാന വർഗത്തിനു ലഭിക്കുന്ന നേട്ടങ്ങളെപ്പറ്റിയാണു സംസാരിച്ചത്. കോവിഡ് സാഹചര്യത്തിൽ. എല്ലാവർക്കും അടിസ്ഥാന വരുമാനം ലഭിച്ചാൽ രാജ്യത്തിന്റെ നിലവിലെ അവസ്ഥയ്ക്കു കാര്യമായ മാറ്റമുണ്ടാകുമല്ലോ.
∙തയാറെടുപ്പ്
ഇന്റർനെറ്റിൽനിന്നും പുസ്തകങ്ങളിൽനിന്നും മറ്റും വിവരങ്ങൾ ശേഖരിച്ചശേഷം പ്രസംഗത്തിനായി സ്വയം തയാറാകുന്നതാണ് രീതി. ജില്ലാ– സംസ്ഥാന തല മത്സരങ്ങൾക്ക് ഇങ്ങനെയാണു തയാറെടുത്തത്. എന്നാൽ ന്യൂഡൽഹിയിലെ മത്സരത്തിന് അധ്യാപകരും സഹായിച്ചു. ‘വനിതാ സ്വയംശാക്തീകരണം’ എന്നായിരുന്നു സംസ്ഥാന തലത്തിൽ വിഷയം.
∙ പ്രസംഗത്തിലേക്ക്
അഞ്ചാം ക്ലാസ് മുതൽ പ്രസംഗത്തിൽ സജീവമായിരുന്നു. ഇതോടെയാണ് ആത്മവിശ്വാസം വർധിച്ചത്. സ്കൂളിൽ പഠിക്കുമ്പോൾ ഒട്ടേറെ പുരസ്കാരം ലഭിച്ചു. സർവകലാശാലാ തലത്തിൽ മത്സരിച്ചിട്ടല്ല.
.