കർണാടകയിലെ മെഡിക്കൽ കോളജിൽ പുലിയിറങ്ങിയത് പരിഭ്രാന്തി പരത്തി. ചാമരാജനഗർ മെഡിക്കൽ കോളജിന്റെ ഹോസ്റ്റൽ ക്യാമ്പസിലാണ് പുലി എത്തിയത്. ഹോസ്റ്റൽ ഇടനാഴിയിലൂടെ പുലി നടക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇത് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
മെഡിക്കൽ കോളജിൽ പുലിയിറങ്ങിയ വിഡിയോ ഫോറസ്റ്റ് ഓഫീസർ പർവീൺ കാസ്‌വാൻ ഐഎഫ്എസാണ് ട്വിറ്ററിൽ പങ്കുവച്ചത്. കരിമ്പുലിയെന്നാണ് അദ്ദേഹം കടുവയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഒറ്റനോട്ടത്തിൽ കരിമ്പുലിയാണെന്ന് തോന്നുമെങ്കിലും പിന്നീട് ഇത് സാധാരണ പുലിയാണെന്ന് സ്ഥിരീകരിച്ചു. പുലിയുടെ നിറവ്യത്യാസമാണ് ഈ സംശയത്തിന് കാരണം. ഇടനാഴിയിലൂടെ നടന്ന് പുലി മുറികളുടെ വാതിലിനു മുന്നിലെത്തി നിൽക്കുന്നത് വിഡിയോയിൽ കാണാം. പിന്നീട് വന്ന വഴിയിലൂടെ പുലി തിരികെ പോകുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
കടുവാസംരക്ഷണ കേന്ദ്രത്തിന് സമീപമാണ് മെഡിക്കൽ കോളജ് സ്ഥിതി ചെയ്യുന്നത്. മുൻപും പുലിയെ ഇവിടെ കണ്ടിട്ടുള്ളതായി അധികൃതർ പറയുന്നു.