ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ അനുവാദമില്ലാതെ കൈമാറുന്നതുമായി ബന്ധപ്പെട്ട് മുസ്‌ലിം പ്രാര്‍ത്ഥനാ സമയം അറിയിക്കുന്ന സാലറ്റ് ഫസ്റ്റ് എന്ന ആപ്പ് വിവാദത്തില്‍. ഉപയോക്താക്കളുടെ ലൊക്കേഷന്‍ വിവരങ്ങള്‍ ആ ആപ്പ് ഒരു ഡാറ്റ ഇടപാട് സോഫറ്റ്‌വെയറിന് കൈമാറി എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ടെകനോളജി കേന്ദ്രീകൃത വെബ്‌സൈറ്റായ മദര്‍ബോര്‍ഡ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രെഡിസിയോ എന്ന ഫ്രഞ്ച് കമ്പനിക്കാണ് വിവരങ്ങള്‍ കൈമാറിയിരിക്കുന്നത്. ഈ കമ്പനി അമേരിക്കന്‍ അന്വേഷണ ഏജന്‍സികളായ എഫ്ബിഐ, ഐസിഇ തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യുഎസ് ഗവണ്‍മെന്റ് കോണ്‍ട്രാക്റ്ററുമായി വിവരകൈമാറ്റ ബന്ധമുണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ലൊക്കേഷനും സഞ്ചാരപാതയും അടക്കമുള്ള വളരെ വ്യക്തിപരമായ വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നപെടുന്നതോടെ മുസ്‌ലിം വിശ്വാസികള്‍ എവിടെ പോവുന്നെന്നും എന്തു ചെയ്യുന്നെന്നടക്കമുള്ളത് പൂര്‍ണ നിരീക്ഷണത്തിലാവും. ഈ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും മദര്‍ബോര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളുടെ വിവരങ്ങളാണ് ചോര്‍ത്തപ്പെട്ടിരിക്കുന്നത്. ആന്‍ഡ്രോയിഡില്‍ ഒരു കോടിയോളം തവണ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഇത്രയും ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടിട്ടുണ്ടാവാനിടയുണ്ട്. സംഭവത്തില്‍ പ്ലേ സ്റ്റോറില്‍ നിന്നും വീഴ് പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നാണ് ഗൂഗിള്‍ പ്രതിനിധി പ്രതികരിച്ചത്.
എന്നാല്‍ അപ്ലിക്കേഷന്‍ വികസിപ്പിച്ച ചെയ്ത ഹിചാം ബൗഷബ നല്‍കിയ വിശദീകരണ പ്രകാരം ഫ്രാന്‍സ്, ഇറ്റലി, യുകെ, ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ വെച്ച് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ ഡാറ്റകളാണ് ശേഖരിക്കുന്നത്. മാത്രമല്ല ഡിസംബര്‍ ആറോട് കൂടി ഈ ഡാറ്റാ കൈമാറ്റ കരാര്‍ അവസനിപ്പിച്ചെന്നാണ് ഇദ്ദേഹം പറയുന്നത്. സമാന സ്വഭാവമുള്ള മുസ്‌ലിം പ്രോ എന്ന ആപ്പും വിവാദത്തില്‍ അകപ്പെട്ട സഹാചര്യത്തിലായിരുന്നു തീരുമാനമെന്നും ഇദ്ദേഹം പറയുന്നു.
വാര്‍ത്ത വിവാദമായതിനു പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി ആപ്പില്‍ നിന്നും വിവരങ്ങള്‍ വാങ്ങി മറിച്ചു വിറ്റു എന്ന് ആരോപിക്കപ്പെട്ട പ്രെഡിസിയോ കമ്പനി രംഗത്തെത്തി. തങ്ങള്‍ ഒരു സര്‍ക്കാരിന്റെയോ, ബിസിനസ് കമ്പനികളുടെയോ ഭാഗമായി പ്രവര്‍ത്തിക്കുന്നില്ലെനാണ് കമ്പനി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
കഴിഞ്ഞ നവബംര്‍ മാസത്തിലാണ് സമാനമായ രീതിയില്‍ മുസ്‌ലിം പ്രൊ എന്ന ആപ്പിലെ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടു എന്ന റിപ്പോര്‍ട്ട് പുറത്തു വന്നത്. ലോകത്താകമാനമായി 10 കോടിയിലേറെ ഉപയോക്താക്കള്‍ ഈ ആപ്പിനുണ്ടായിരുന്നു. യുഎസ് സൈന്യവുമായി ബന്ധമുള്ള കമ്പനിയിലേക്ക് തന്നെയായിരുന്നു ഈ ആപ്പില്‍ നിന്നും വിവരങ്ങള്‍ പോയത്.