മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിൽ പങ്കെടുക്കുന്നതില്‍ നിന്ന് നേതാക്കളെ ലീഗ് വിലക്കിയിട്ടില്ലെന്ന് സമസ്ത

0
517

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കേരളപര്യടനത്തിലെ യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് മുസ്ലിം ലീഗ് സമസ്ത നേതാക്കളെ വിലക്കിയിട്ടില്ലെന്ന് പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ആര് വിളിക്കുന്ന യോഗങ്ങളിലും പങ്കെടുക്കാവുന്നതാണെങ്കിൽ പങ്കെടുക്കാൻ സമസ്തയിലെ അംഗങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. സർക്കാർ വിളിക്കുന്ന യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നും മുത്തുക്കോയ തങ്ങൾ പറഞ്ഞു. അതേസമയം,  വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കിയെങ്കിൽ അതിൽ ലീഗ് സമസ്തയുടെ അഭിപ്രായം തേടിയിട്ടില്ലെന്നും കോഴിക്കോട്ട് ചേർന്ന മുശാവറ യോഗത്തിന് ശേഷം ജിഫ്രി മുത്തുക്കോയ തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. സമസ്തയിലെ മുതിർന്ന പണ്ഡിതൻമാർ പങ്കെടുക്കുന്ന ഉന്നതസമിതിയോഗമാണ് മുശാവറ.

ലീഗുമായി ഒരു തരത്തിലുള്ള അഭിപ്രായഭിന്നതയുമില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പറയുന്നു. അതേസമയം, പിണറായി സർക്കാരും സമസ്തയ്ക്ക് വേണ്ടി കാര്യങ്ങൾ ചെയ്ത് തന്നിട്ടുണ്ട്. സമസ്തയുടേത് സ്വതന്ത്രനിലപാടാണ്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയപാർട്ടിയായ വെൽഫെയർ പാർട്ടിയെക്കുറിച്ച് സമസ്ത അംഗമായ ഉമ്മർ ഫൈസി മുക്കം പറഞ്ഞത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ നിലപാടാണ്. രാഷ്ട്രീയപാർട്ടികൾക്ക് ആർക്കും ആരോടും കൂട്ടുകൂടാം, സഖ്യം ചേരാം. അത് സമസ്തയുടെ വിഷയമല്ലെന്നും തങ്ങൾ പറയുന്നു.

ലീഗ് അവരുടെ ആളുകളെ മാത്രമാണ് നിയന്ത്രിക്കുന്നത്. സമസ്തയുടെ ആളുകളെ നിയന്ത്രിക്കുന്നത് സമസ്ത തന്നെയാണ്. സമസ്തയുടെ നിലപാട് സമസ്തയുടെ അധ്യക്ഷനും ജനറൽ സെക്രട്ടറിയും പറയുന്നതാണ്. ആ അധികാരത്തിൽ ആർക്കും ഇടപെടാൻ അധികാരമില്ല. മായിൻ ഹാജി സമസ്തയെ നിയന്ത്രിക്കുന്ന വ്യക്തിയല്ല. സമസ്തക്ക് സ്വതന്ത്ര നിലപാടാണ്. മതപരമായ കാര്യങ്ങളിൽ ലീഗ് സമസ്തയുടെ ഉപദേശം തേടാറുണ്ട്. വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കിയെങ്കിൽ അതിൽ ലീഗ് സമസ്തയുടെ അഭിപ്രായം തേടിയിട്ടില്ല. ലീഗും സമസ്തയും തമ്മിൽ നല്ല ബന്ധം തന്നെയാണ് ഇപ്പോഴുമുള്ളത് എന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറയുന്നു.

കേരള പര്യടനത്തിനിടെ മലപ്പുറത്ത് എത്തിയ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിൽ നിന്ന് സമസ്ത, കേരള ജംഇയ്യത്തുല്‍ ഉലമയുടെ ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചതായി സുന്നിസംഘടനകളുടെ സൈബർ ഗ്രൂപ്പുകളിൽ പ്രചാരണം വ്യാപകമായിരുന്നു.

പാണക്കാട്ടും പട്ടിക്കാട്ടെ മതപഠനകേന്ദ്രമായ ജാമിഅ നൂരിയയിലും ആലിക്കുട്ടി മുസ്ലിയാർക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണെന്നും ആക്ഷേപമുയർന്നിരുന്നതാണ്. സമസ്ത നേതാക്കളുടെ അസ്തിത്വം ചോദ്യം ചെയ്യുന്ന നിലപാടാണ് ലീഗ് നേതാക്കളിൽ നിന്നും ഉണ്ടാവുന്നതെന്നും സൈബർ മാധ്യമങ്ങളിൽ പ്രചാരണമുണ്ട്.

കോഴിക്കോട് വച്ചു നടന്ന മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്ത സമസ്ത നേതാവ് മുക്കം ഉമ്മർ ഫൈസിയേയും ലീഗ് ബഹിഷ്കരിക്കുകയാണെന്നും പല പദവികളിൽ നിന്നും ഉമ്മർ ഫൈസിയെ ഇതിനോടകം നീക്കിയിട്ടുണ്ടെന്നും സമസ്ത പ്രവർത്തകരിൽ ഒരു വിഭാഗം ആരോപിക്കുന്നു.

പ്രമുഖ മുസ്ലീം ലീഗ് നേതാവ് എം സി മായിൻ ഹാജി അടക്കമുള്ളവരാണ് വിലക്കിന് പിന്നിലെന്നാണ് ആക്ഷേപം. സുന്നി – ലീഗ് തർക്കം വിണ്ടൂം രൂക്ഷമാവുന്നതിന്റെ ഭാഗമാണിതെന്നും സൂചനയുണ്ട്. എന്നാൽ പ്രചാരണത്തിന് പിന്നിൽ സൈബർ സഖാക്കളാണെന്നും സമസ്ത അധ്യക്ഷനുമായി യാതൊരു തർക്കവുമില്ലെന്നും മായിൻ ഹാജി പ്രതികരിക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here