ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണവും സിഗററ്റും സൗന്ദര്യവർധക വസ്തുക്കളുമായി എട്ടു കാസർഗോഡ് സ്വദേശികളെ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടി. ദുബായിൽനിന്ന് എയർ ഇന്ത്യ വിമാനത്തിലാണ് ഇവരെത്തിയത്. 38 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളാണ് പിടിച്ചെടുത്തത്. ഇതിൽ 24.33 ലക്ഷം രൂപയുടെ സ്വർണം ഉൾപ്പെടും. 73600 സിഗററ്റ്, 500 ഗ്രാം സ്വർണം, സൗന്ദര്യവർധകവസ്തുക്കൾ എന്നിവയാണ് പിടിച്ചെടുത്തത്.
ഏഴുപേരുടെ ബാഗുകളിലായി ചെറുകഷണങ്ങളാക്കിയായിരുന്നു സ്വർണം ഒളിപ്പിച്ചിരുന്നത്. ഒരു യാത്രക്കാരന്റെ മൊബൈൽ ഫോണിന്റെ കവറിനകത്ത് രണ്ട് സ്വർണ നാണയം ഒളിപ്പിച്ച നിലയിലായിരുന്നു. ബെംഗളൂരു വിമാനത്താവളത്തിൽ ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് യാത്രക്കാരിൽനിന്ന് സിഗരറ്റ് പിടിച്ചെടുക്കുന്നത്.