തിരുവനന്തപരുരം: പ്രവാസികള്‍ക്കും വിദേശത്ത് അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങള്‍ക്കും വേണ്ടി നോര്‍ക്ക റൂട്ട്സ് ആരോഗ്യ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തി. പ്രവാസിരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി എന്ന പേരിലാണ് ഇതു നടപ്പാക്കുന്നത്. പതിനെട്ടിനും അറുപതിനും ഇടയില്‍ പ്രായമുള്ള പ്രവാസികള്‍ക്കും അവരോടൊപ്പം വിദേശത്ത് കഴിയുന്നവര്‍ക്കും പദ്ധതിയുടെ പരിരക്ഷ ലഭിക്കും. ഒരു വര്‍ഷത്തേക്ക് 550 രൂപയാണ് പ്രീമിയം അടയ്ക്കേണ്ടത്. രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് സംരക്ഷണം ലഭിക്കും. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
നോര്‍ക്ക റൂട്സിന്‍റെ www.norkaroots.org എന്ന വെബ്സൈറ്റിലെ സര്‍വ്വീസ് വിഭാഗത്തില്‍ പ്രവാസി ഐഡി കാര്‍ഡ് സെക്ഷനില്‍ നിന്നും ഈ പദ്ധതിയില്‍ ഓണ്‍ലൈനായി ചേരാം. ഫീസും ഓണ്‍ലൈനായി അടയ്ക്കാം. വിശദ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റിലും norka.raksha@gmail.com എന്ന ഇമെയില്‍ വഴിയും ലഭിക്കും. 91-417-2770543, 91-471-2770528 എന്നീ ഫോണ്‍ നമ്പറുകളിലും 18004253939, 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കാള്‍ സേവനം) എന്നീ ടോള്‍ഫ്രീ നമ്പറുകളിലും വിവരങ്ങള്‍ ലഭിക്കും.
പ്രവാസി സമൂഹം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ആരോഗ്യ സംരക്ഷണമെന്നും അതു കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രവാസി സമൂഹത്തിന്‍റെ ക്ഷേമത്തിന് വേണ്ടി സര്‍ക്കാര്‍ വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. പ്രവാസിരക്ഷ ഇന്‍ഷുറന്‍സിന്‍റെ പ്രയോജനം എല്ലാ പ്രവാസികളും പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.