കോട്ടയം: പാലാ സീറ്റ് ജോസ് കെ മാണിക്ക് വിട്ടുനൽകുന്നതിൽ പ്രതിഷേധിച്ച് എൻസിപി എൽഡിഎഫ് വിടാൻ ആലോചിക്കുന്നതായി സൂചന. ഏറെക്കാലത്തിന് ശേഷം തിരിച്ചുപിടിച്ച പാലാ സീറ്റ് കൈവിട്ടുകളയുന്നതിൽ പാലാ എംഎൽഎ മാണി സി കാപ്പനുണ്ട്. പാലാ സീറ്റ് ജോസ് കെ മാണിക്ക് കൊടുക്കേണ്ടി വന്നാൽ ഇതിൽ പ്രതിഷേധിച്ച് യുഡിഎഫിലെത്തി മത്സരിക്കാനാണ് മാണി സി കാപ്പന്‍റെ ആലോചന. പാല കൈവിട്ട് കളയേണ്ടി വന്നാൽ പാർട്ടി യുഡിഎഫിലേക്ക് പോകുന്നതിൽ ദേശീയനേതൃത്വവും പച്ചക്കൊടി കാട്ടുന്നുണ്ട്.
എന്നാൽ നിലവിൽ മന്ത്രിപദവിയുള്ള എ കെ ശശീന്ദ്രനും പക്ഷത്തിനും എൽഡിഎഫ് വിടുന്നതിനോട് കടുത്ത എതിർപ്പാണുള്ളത്. അങ്ങനെയെങ്കിൽ എൻസിപി പിളരുമോ എന്ന ചോദ്യമാണ് രാഷ്ട്രീയകേന്ദ്രങ്ങളിൽ ഉയരുന്നത്. മന്ത്രി സി കെ ശശീന്ദ്രൻ ജയിച്ച എലത്തൂർ മണ്ഡലം കിട്ടുമോ എന്നത് മാത്രമല്ല, ആ പക്ഷത്തിന്‍റെ ആശങ്ക. എൽഡിഎഫിൽ ഇപ്പോഴുള്ള നാല് സീറ്റുകൾ യുഡിഎഫിലേക്ക് പോയാൽ കിട്ടുമ, കിട്ടിയാൽത്തന്നെ ജയിക്കുമോ എന്ന് അവർക്ക് ആശങ്കയുണ്ട്. അതുകൊണ്ട്, എല്ലാ ജില്ലാഘടകങ്ങളുടെയും അഭിപ്രായം തേടിയ ശേഷമേ അത്തരത്തിൽ മുന്നണിമാറ്റം പോലുള്ള ആലോചനകളിലേക്ക് പോലും പോകേണ്ടതുള്ളൂ എന്നാണ് ശശീന്ദ്രൻ പക്ഷം ആലോചിക്കുന്നത്.
പാലാ സീറ്റിനോട് എ കെ ശശീന്ദ്രൻ വിഭാഗത്തിന് വൈകാരികമായ സ്നേഹമൊന്നുമില്ല. അത്തരത്തിൽ മുന്നണിമാറ്റം വേണ്ടി വന്നാൽ അത് പാർട്ടിയിൽ ശക്തമായ ഭിന്നിപ്പിന് കാരണമായേക്കാം. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ കോൺഗ്രസ് എസ്സുമായി ചർച്ച ചെയ്ത് മുന്നണിയിൽത്തന്നെ നിൽക്കാനാണ് ശശീന്ദ്രൻ വിഭാഗത്തിന്‍റെ ആലോചന.
ഡിസംബർ 25-ന് മുന്നണിമാറ്റം സംബന്ധിച്ച് എൻസിപി സംസ്ഥാനഅധ്യക്ഷൻ ടി പി പീതാംബരൻ മാസ്റ്ററും മാണി സി കാപ്പനും വിശദമായ ചർച്ച നടത്തിയിരുന്നു. ദേശീയനേതൃത്വവുമായി ചർച്ച നടത്തി, മുന്നണിമാറ്റം വേണ്ടി വന്നാൽ സമ്പൂർണപിന്തുണ ഉറപ്പാക്കിയ ശേഷമാണ് ഇത്തരത്തിലൊരു ചർച്ചയിലേക്ക് തന്നെ എൻസിപി സംസ്ഥാനനേതൃത്വം എത്തിയത്. അടുത്തയാഴ്ചയോടെ എൻസിപി ജില്ലാകമ്മിറ്റി യോഗങ്ങൾ ചേരുന്നുണ്ട്. ഇത്തരത്തിൽ മുന്നണിമാറ്റം എന്ന തീരുമാനമുണ്ടായാൽ അതിന്‍റെ ഗുണം മാണി സി കാപ്പന് മാത്രമാണ് എന്നാണ് മിക്ക ജില്ലാ കമ്മിറ്റികളുടെയും നിലപാട്. ജില്ലാ കമ്മിറ്റികളുടെ നിലപാടുകൾ ചർച്ച ചെയ്ത ശേഷമാകും അന്തിമതീരുമാനം എടുക്കുകയെന്ന് എൻസിപി വൃത്തങ്ങൾ പറയുന്നു.
അതേസമയം, മുന്നണി മാറ്റമൊന്നും പാർട്ടിയിൽ ഇതുവരെ ചർച്ചയ്ക്ക് വന്നിട്ടില്ലെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരൻ മാസ്റ്റർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒരാലോചന പോലും ഉണ്ടായിട്ടില്ലെന്നാണ് പീതാംബരൻ മാസ്റ്റർ പറയുന്നത്. ഔദ്യോഗികമായി ഇത്തരത്തിൽ പറയുന്നുണ്ടെങ്കിലും പാർട്ടിയിൽ ഇത് സംബന്ധിച്ചുള്ള ചർച്ചകൾ സജീവമാണ്.