കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ സമരം എത്രത്തോളം ശക്തമാണെന്ന് വ്യക്തമാക്കുന്നതാണ് പ്രവാസി സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി. ദുബായിൽ മരണപ്പെട്ട മകന്റെ മൃതദേഹം ഏറ്റുവാങ്ങാൻ എത്താതെ സമരത്തിനൊപ്പം നിന്ന കർഷകനുമായി സംസാരിച്ച അനുഭവം പറയുകയാണ് അഷ്റഫ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ.
മകന്‍റെ മൃതദേഹം നാട്ടിലേക്ക് അയക്കുകയാണ് എന്ന് പിതാവിനോട് പറഞ്ഞപ്പോള്‍ അമൃത്സറിലേക്ക് അയച്ചോളു, അവിടെ ആരെങ്കിലും പറഞ്ഞയക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്ന് അഷ്റഫ് പറയുന്നു. എയർപോർട്ടിലേയ്ക്ക് താങ്കൾ വരുന്നില്ലേ എന്ന ചോദ്യത്തിന് മറുപടി ഒരു ചിരി മാത്രം ആയിരുന്നു. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ നിന്ന് ഭാര്യയുമായി ഇറങ്ങിയപ്പോള്‍ തിരിച്ച് വീട്ടില്‍ വരാന്‍ കഴിയുമോയെന്ന് അറിയില്ലായെന്ന കാര്യം മകനെ വിളിച്ച് പറഞ്ഞിരുന്നുവെന്നും മുന്നോട്ടുവച്ച കാല് മുന്നോട്ട് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. അത് പറഞ്ഞ് അദ്ദേഹം ഫോൺ വയ്ക്കുമ്പോൾ ആ പഞ്ചാബിയുടെ വാക്കുകളിലെ ദൃഢനിശ്ചയം തനിക്ക് മനസിലാക്കാൻ കഴിഞ്ഞുവെന്നും അഷ്റഫ് താമരശ്ശേരി കുറിച്ചു.