തെര‌ഞ്ഞെടുപ്പിൽ അഞ്ച് സീറ്റു കൂടി പുതുതായി ചോദിക്കാന്‍ മുസ്ലീം ലീഗ്; നാല് എംഎൽഎമാരെ തഴയാനും ധാരണ

0
471

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഗ് അഞ്ച് സീറ്റ് കൂടി ആവശ്യപ്പെട്ടേക്കും. നിലവിൽ സീറ്റില്ലാത്ത ജില്ലകളിലാവും സീറ്റാവശ്യപ്പെടുക. 4 സിറ്റിംഗ് എംഎൽഎ മാർക്ക് സീറ്റ് നൽകില്ലെന്നാണ് സൂചന.

തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, വയനാട് അടക്കമുള്ള ജില്ലകളിലാണ് ലീഗ് സീറ്റാവശ്യപ്പെടുക. ഇവിടെ എല്ലായിടത്തും ലീഗ് സ്ഥാനാർത്ഥികൾ തന്നെ മൽസരിക്കണമെന്നില്ല. ചില സീറ്റുകൾ പൊതുപിന്തുണയുള്ളവരെ നിർത്തിയാകും മൽസരം. ഇക്കാര്യം ലീഗ് യുഡിഎഫിൽ അവതരിപ്പിച്ചതായാണ് സൂചന എന്നാൽ ചർച്ച നടന്നിട്ടില്ല.

തിരൂർ, തിരൂരങ്ങാടി, മഞ്ചേരി, മങ്കട, ഏറനാട്, വേങ്ങര, പെരിന്തൽമണ്ണ തുടങ്ങിയ സീറ്റുകളിൽ സ്ഥാനാർത്ഥികളെ മാറ്റും. 4 സിറ്റിംഗ് എംഎൽഎമാർക്ക് സീറ്റുണ്ടാകില്ലെന്നാണ് ആദ്യഘട്ടത്തിലെ സൂചന. പി കെ ഫിറോസിന് മലപ്പുറം ജില്ലയിൽ സീറ്റ് നൽകിയേക്കും. പട്ടാമ്പി,ഗുരുവായൂർ സീറ്റുകളും തിരുവമ്പാടി, പേരാമ്പ്ര സീറ്റുകളും കോൺഗ്രസുമായി വെച്ചു മാറിയേക്കും. കോഴിക്കോട് കണ്ണൂർ ജില്ലകളിൽ കൂടുതൽ സീറ്റുകൾ വെച്ചുമാറും.

പി വി അബ്ദുൾ വഹാബ് ഇത്തവണ മൽസരിച്ചേക്കും. ഏറനാട്, മഞ്ചേരി സീറ്റുകളാണ് പരിഗണിക്കുന്നത്. കളമശ്ശേരിയിൽ ഇബ്രാഹിം കുഞ്ഞും മഞ്ചേശ്വരത്ത് കമറുദ്ദീനും മൽസരിക്കില്ല. ഇബ്രാഹിം കുഞ്ഞിന് പകരം ലീഗ് ജില്ലാ ഭാരവാഹി കൂടിയായ അദ്ദേഹത്തിന്‍റെ മകന് സീറ്റ് നൽകാൻ ആലോചനയുണ്ട്. കെ ടി ജലീലിനെതിരെ പൊതുസമ്മതനെ നിർത്താൻ കോൺഗ്രസിന്റെ സമ്മതം തേടും. നേതൃതലത്തിൽ മാത്രമാണ് കൂടിയാലോചനകൾ എന്നതിനാൽ സീറ്റ് ചർച്ച തുടങ്ങിയില്ലെന്ന വിശദീകരണമാണ് നേതാക്കൾ നൽകുന്നത്.

എന്തായാലും ഇത്തവണ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ ലീഗ് സ്ഥാനാർത്ഥി നിർണ്ണയം ഏറെക്കൂറെ പൂർത്തിയാക്കുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here