തിരുവനന്തപുരം വിമാനത്താവളം അദാനിക്ക്, കരാർ ഒപ്പുവച്ചതായി എയർപോർട്ട് അതോറിറ്റി

0
218

ദില്ലി: തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് ചുമതല ഇനി അദാനി ഗ്രൂപ്പിന്. വിമാനത്താവളത്തിന്‍റെ നടത്തിപ്പ് കരാർ അദാനി ഗ്രൂപ്പുമായി ഒപ്പുവച്ചെന്ന് കാണിച്ച് എയർ പോർട്ട് അതോറിറ്റി ട്വീറ്റ് പുറത്തുവിട്ടു. 50 വർഷത്തേക്കാണ് കരാർ ഒപ്പുവച്ചിരിക്കുന്നത്. ഇതോടൊപ്പം ജയ്പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളുടെ കരാറുകളും ഒപ്പുവച്ചിട്ടുണ്ട്. ഈ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല, ഓപ്പറേഷൻസ്, വികസനം എന്നിവയെല്ലാം ഇനി അദാനി എയർപോർട്ട്സ് ലിമിറ്റഡ് എന്ന സ്വകാര്യകമ്പനിക്കാകും.

തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ സ്വകാര്യവത്കരണത്തിനെതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് വിമാനത്താവളത്തിന്‍റെ നടത്തിപ്പ് കരാർ സംസ്ഥാനസർക്കാരിന്‍റെ കടുത്ത എതിർപ്പ് മറികടന്ന് അദാനി ഗ്രൂപ്പ് ലിമിറ്റഡിന് കൈമാറുന്നത്. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം ചോദ്യം ചെയ്ത് സര്‍ക്കാര്‍ നൽകിയ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു.

അതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിമാനത്താവള  നടത്തിപ്പ് കൈമാറുന്നതിനുള്ള ലേലനടപടികളിൽ പാളിച്ചകൾ ഉണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിനെ ബോധപൂര്‍വ്വം ഒഴിവാക്കി, പൊതുതാല്പര്യത്തിനും ഫെഡറൽ തത്വങ്ങൾക്കും വിരുദ്ധമായാണ് വിമാനത്താവളനടത്തിപ്പ് കൈമാറിയതെന്നും സര്‍ക്കാരിന്‍റെ ഹര്‍ജിയിൽ പറയുന്നു.

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ ഹൈക്കോടതിയിൽ സർക്കാർ നൽകിയ ഹർജി ഒക്ടോബറിൽ തള്ളിയിരുന്നു. സംസ്ഥാനസ‍ർക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിനെ കേന്ദ്രം സഹായിക്കുകയായിരുന്നു എന്നതുൾപ്പടെയുള്ള വാദങ്ങൾ കോടതി അംഗീകരിച്ചില്ല. ടെണ്ടർ നടപടിയിൽ പങ്കെടുത്ത ശേഷം ഇതിനെ ചോദ്യം ചെയ്യുന്നതിലെ സാധുതയാണ് കോടതി വിമർശിച്ചത്.

ഹൈക്കോടതി അപ്പീൽ തള്ളിയ സ്ഥിതിക്ക് ഇനി സുപ്രീംകോടതിയിൽ പോയാലും അനുകൂലഫലമുണ്ടാകാൻ സാധ്യതയില്ലെന്നാണ് സർക്കാരിന് കിട്ടിയ നിയമോപദേശം. ഇതനുസരിച്ച്, സുപ്രീംകോടതിയിൽ അപ്പീൽ നൽകേണ്ടതില്ലെന്നായിരുന്നു നേരത്തേ സർക്കാർ നിലപാട്. എന്നാൽ എയർപോർട്ട് എംപ്ലോയീസ് യൂണിയന് ഇതിൽ കടുത്ത എതിർപ്പുണ്ടായിരുന്നു. അവർ സ്വന്തം നിലയ്ക്ക് സുപ്രീംകോടതിയെ സമീപിക്കാനും തീരുമാനിച്ചു. തദ്ദേശതെരഞ്ഞെടുപ്പിൽ ഈ വിഷയം തിരുവനന്തപുരത്തെ പ്രാദേശികമേഖലയിൽ വലിയ പ്രചാരണവിഷയമാണ്. സിപിഎമ്മും ബിജെപിയും പ്രധാനരാഷ്ട്രീയവിഷയമാക്കുമ്പോഴാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകാനുള്ള സർക്കാരിന്‍റെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here