ഡൽഹി അതിർത്തികളിൽ രണ്ടു ദിവസത്തേക്ക് ഇന്റർനെറ്റ് വിച്ഛേദിച്ചു

0
326
ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളായ സിംഗു, ഗാസിപൂർ, തിക്രി എന്നിവിടങ്ങളിൽ രണ്ടു ദിവസത്തേക്ക് ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചു. കേന്ദ്ര സർക്കാർ പാസ്സാക്കിയ കാർഷിക നിയമങ്ങൾക്കെതിരായ സമരങ്ങളുടെ ശക്തികേന്ദ്രങ്ങളാണ് ഡൽഹിയിലെ അതിർത്തി പ്രദേശങ്ങൾ.
” ഡൽഹിയിലെ സിംഗു, ഗാസിപൂർ, തിക്രി തുടങ്ങിയവയും സമീപ പ്രദേശങ്ങളിലും ജനുവരി 29 നു രാത്രി പതിനൊന്ന് മുതൽ ജനുവരി 31 രാത്രി വരെ ഇന്റർനെറ്റ് സംവിധാനങ്ങൾ താത്ക്കാലികമായി വിച്ഛേദിക്കൽ ആവശ്യമായി വന്നിരിക്കുകയാണ്. ” – കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവന പറയുന്നു.
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ലക്ഷക്കണക്കിന് കർഷകർ ആഴ്ച്ചകളായി ഇവിടങ്ങളിൽ സമരത്തിലാണ്. റിപ്പബ്ലിക്ക് ദിനത്തിൽ കർഷകർ നടത്തിയ കിസാൻ പരേഡ് സംഘർഷത്തിൽ കലാശിച്ചിരുന്നു. പ്രക്ഷോഭകർക്കു നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിവീശുകയും ചെയ്തു. ഒരു കർഷകൻ മരിക്കുകയും പൊലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ചൊവ്വാഴ്ചത്തെ അക്രമങ്ങൾക്കു പിന്നാലെ ഉത്തർ പ്രദേശ് – ഡൽഹി അതിർത്തിയായ ഗാസിപൂരിൽ നിന്നും സമരക്കാരെ ഒഴിപ്പിക്കാൻ ഉത്തർ പ്രദേശ് സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിനു ശേഷം പ്രദേശത്ത് നിരന്തരമായി വൈദ്യുതി വിച്ഛേദിക്കുകയും ജല വിതരണം അവസാനിപ്പിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here