മുംബൈ: ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിക്കുന്നതിനിടെ കാര്‍ അണക്കെട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ അഹ്മദ് നഗര്‍ ജില്ലയിലെ അകോലെയിലാണ് സംഭവമെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുനെ സ്വദേശിയായ സതിഷ് ഗുലെ (34)യാണ് അണക്കെട്ടില്‍ മുങ്ങി മരിച്ചത്. കാറില്‍ ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ നീന്തി രക്ഷപെട്ടു.
ശനിയാഴ്ച രാത്രിയായിരുന്നു അപകടം. അകോലയ്ക്കടുത്തുള്ള കൽസുബായ് മല കയറാൻ പോയതായിരുന്നു വ്യാപാരിയായ സതീഷും സുഹൃത്തുക്കളായ ഗുരു ശേഖര്‍, സമീര്‍ രാജുര്‍കര്‍ എന്നിവര്‍. കോട്ടുലില്‍നിന്ന് അകൊലെയിലേക്കുള്ള എളുപ്പവഴിക്കായാണ് ഇവര്‍ ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ചത്.
മഴക്കാലത്ത് വെള്ളംകയറി പാലംമുങ്ങുകയും അപകടാവസ്ഥയില്‍ ആകുകയും ചെയ്‍തതോടെ ഗതാഗതം നിരോധിച്ചവഴിയിലൂടെയായിരുന്നു ഇവരുടെ യാത്ര എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുസംബന്ധിച്ച അറിയിപ്പ് ബോര്‍ഡുകളൊന്നും വഴികളില്‍ സ്ഥാപിച്ചിരുന്നില്ല. അതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കാര്‍ അണക്കെട്ടിൽ വീണയുടന്‍ സതീഷിന്റെ സുഹൃത്തുക്കൾക്ക് കാറിൽ നിന്നും പുറത്ത് കടക്കാന്‍ സാധിച്ചു. തുടര്‍ന്ന് ഇവർ നീന്തി രക്ഷപെടുകയും ചെയ്തു. എന്നാല്‍ ഡ്രൈവിംഗ് സീറ്റിലായിരുന്ന സതീഷിന് കാറില്‍ നിന്നും പുറത്ത് കടക്കാന്‍ കഴിഞ്ഞില്ല. കാർ അണക്കെട്ടിൽ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മൃതദേഹവും കാറും ഡാമില്‍ നിന്നും പുറത്തെടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.