ക്രിസ്ത്യാനികളെ ആരാധന നടത്തുന്നതില്‍ നിന്നും വിലക്കി കര്‍ണാടക; ആശങ്കയറിയിച്ച് അന്താരാഷ്ട്ര ക്രിസ്ത്യന്‍ സമൂഹം

0
243

ബന്നിമാര്‍ദാട്ടി: ആരാധന നടത്തുന്നതില്‍ നിന്നും ക്രിസ്ത്യന്‍ സമൂഹത്തെ വിലക്കി കര്‍ണാടക പൊലീസ്. ഹസന്‍ ജില്ലയിലെ ബന്നിമാര്‍ദാട്ടിയിലെ ക്രിസ്ത്യന്‍ വിഭാഗക്കാരെയാണ് മതച്ചടങ്ങളുകളുകളില്‍ നിന്നും ഒത്തുച്ചേരലില്‍ നിന്നും വിലക്കിയതെന്ന് അമേരിക്കയിലെ
ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ എന്ന സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു.

ജനുവരി നാലിനാണ് സംഭവം നടന്നത്. ബന്നിമാര്‍ദാട്ടിയില്‍ ഡി.സി.പിയുടെ നേതൃത്വത്തില്‍ നടത്തിയ യോഗത്തില്‍ വെച്ച് 15 ക്രിസ്ത്യന്‍ കുടുംബങ്ങളോട് ക്രിസ്ത്യന്‍ ആണെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ ആവശ്യപ്പെടുകയായിരുന്നു. ഹിന്ദു എന്ന നിലയിലും ക്രിസ്ത്യന്‍ എന്ന നിലയിലും സര്‍ക്കാരില്‍ നിന്നുള്ള ആനൂകൂല്യങ്ങള്‍ തട്ടിയെടുക്കുകയാണെന്നും ഡി.സി.പി പറഞ്ഞു.

ഗ്രാമത്തിലെ അമ്പതോളം വരുന്ന ക്രിസ്ത്യാനികളിലാരും തന്നെ ജന്മനാ ക്രിസ്ത്യാനികളല്ലെന്നും ഭീഷണിപ്പെടുത്തിയോ തെറ്റിദ്ധരിപ്പിച്ചോ മതത്തില്‍ ചേര്‍ത്തവരാണെന്ന് ആരോപിച്ച് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.

ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും ആരാധിക്കാനും പ്രചരിപ്പിക്കാനുമുള്ള ഒരു അവകാശവും തങ്ങള്‍ക്ക് ഇപ്പോഴില്ലെന്ന് പ്രദേശവാസിയായ പാസ്റ്റര്‍ പറഞ്ഞു. ‘മതവിഭാഗങ്ങള്‍ തമ്മിലുള്ള അകല്‍ച്ച വര്‍ദ്ധിച്ചു വരികയാണ്. കര്‍ണാടക സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന മതപരിവര്‍ത്തന നിരോധന നിയമം മതന്യൂനപക്ഷങ്ങളുടെ അവസ്ഥ കൂടുതല്‍ പരിതാപകരമാക്കും.’ പാസ്റ്റര്‍ പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ നേരിട്ടുള്ള ലംഘനമാണ് കര്‍ണാടക പൊലീസിന്റെ നടപടിയെന്ന് ഐ.സി.സി പറഞ്ഞു.

‘കര്‍ണാടക പൊലീസിന്റെ നടപടിയില്‍ ഞങ്ങള്‍ ആശങ്കാകുലരാണ്. രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നവരായിരിക്കണം ഇന്ത്യന്‍ പൊലീസ്. അല്ലാതെ മതത്തിന്റെ പേരില്‍ അവരുടെ അവകാശങ്ങള്‍ ഹനിക്കാനല്ല നില്‍ക്കേണ്ടത്. ഇന്ത്യന്‍ ഭരണഘടനയിലെ 25ാം ആര്‍ട്ടിക്കിള്‍ വളരെ വ്യക്തമാണ്. എല്ലാ ഇന്ത്യക്കാര്‍ക്കും ഇഷ്ടമുള്ള മതത്തെക്കുറിച്ച് പ്രഘോഷിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ട്. കര്‍ണാടക പൊലീസ് ബന്നിമാര്‍ദാട്ടിയിലെ ക്രിസ്ത്യന്‍ സമൂഹത്തോട് തികച്ചും ഭരണഘടനാവിരുദ്ധമായാണ് പ്രവര്‍ത്തിച്ചത്.’ ഐ.സി.സി റീജീയണല്‍ മാനേജരായ വില്യം സ്റ്റാര്‍ക്ക് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here