കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ചുമതല ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പിയെ ഏല്‍പ്പിക്കാനുള്ള മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിന് ദേശീയ സെക്രട്ടേറിയറ്റിന്റെ അംഗീകാരം. ഹോട്ടല്‍ ഈസ്റ്റ് അവന്യൂവില്‍ ചേര്‍ന്ന യോഗമാണ് തീരുമാനത്തെ സ്വാഗതം ചെയ്തത്.
കേരളം, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തും. മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ പാര്‍ട്ടിയുടെ കമ്മിറ്റികളുടെ പുനസംഘടന ജൂണില്‍ പൂര്‍ത്തിയാക്കുമെന്ന് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാനതലത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പശ്ചാത്തലത്തില്‍ ദേശീയ ഭാരവാഹികളില്‍ മാറ്റം വരുമോ എന്ന ചോദ്യത്തിന് അത്തരത്തിലുള്ള തീരുമാനമൊന്നുമായില്ലെന്നായിരുന്നു മറുപടി. അസമിലും പശ്ചിമബംഗാളിലും വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി യൂത്ത്‌ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈറിനെയും ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമറിനെയും ചുമതലപ്പെടുത്തി.
രാജ്യ തലസ്ഥാനത്തു നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണയുമായി നവാസ് ഗനിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രതിനിധി സംഘം ഡല്‍ഹിക്ക് പോകും. തിങ്കളാഴ്ച നടക്കുന്ന ചര്‍ച്ചയുടെ ഫലം കൂടി നോക്കിയാവും സംഘത്തെ അയക്കുകയെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ സമാന ചിന്താഗതിക്കാരുമായി സഹകരിച്ച് പ്രക്ഷോഭം നടത്തും. കശ്മിരിന് സംസ്ഥാനപദവി തിരിച്ചു നല്‍കണമെന്ന് സമ്മേളനം അംഗീകരിച്ച മറ്റൊരു പ്രമേയത്തില്‍ ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു.
പൗരത്വനിയമ വിഷയങ്ങളില്‍ നിയമപരമായ നടപടികളുമായി മുന്നോട്ടു പോകും. പ്രവാസി വോട്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗള്‍ഫ് നാടുകളെ ഒഴിവാക്കാനുള്ള നീക്കത്തില്‍ ശക്തമായി പ്രതിഷേധിച്ച യോഗം ഗള്‍ഫ് പ്രവാസികള്‍ക്കും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ വോട്ടവകാശം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. മധ്യപ്രദേശ് ഉള്‍പ്പെടെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ബി.ജെ.പി ഭരണകൂടം അഴിച്ചുവിടുന്ന അക്രമത്തെ സെക്രട്ടേറിയറ്റ് ശക്തമായി അപലപിച്ചു. ദേശീയ പൊളിറ്റിക്കല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനും സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സെക്രട്ടേറിയറ്റ് യോഗം ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍ അധ്യക്ഷനായി. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഖാദര്‍ മൊയ്തീന്‍, പി.വി അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ മജീദ്, അഡ്വ.നൂര്‍ബീന റഷീദ, സി.കെ സുബൈര്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.