ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ അടുത്ത സീസൺ ഈ വർഷം ഏപ്രിൽ 11ന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. വിജയ് ഹസാരെ ട്രോഫിക്കും വനിതാ ഏകദിന ടൂർണമെൻ്റിനും ശേഷം ഐപിഎൽ നടത്താനാണ് ബിസിസിഐ ശ്രമിക്കുന്നത്. ഏപ്രിൽ 11ന് ആരംഭിച്ച് ജൂൺ അഞ്ചിനോ ആറിനോ ഫൈനൽ നടത്താൻ കഴിയുന്ന വിധം മത്സര ക്രമം തീരുമാനിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പര മാർച്ചിലാണ് അവസാനിക്കുക. അതിനു ശേഷം താരങ്ങൾക്ക് ആവശ്യമായ വിശ്രമം ലഭിക്കുമെന്നും ഐപിഎലിനൊരുങ്ങാൻ കഴിയുമെന്നും ബിസിസിഐ കണക്കുകൂട്ടുന്നു. ഗവേണിംഗ് കമ്മറ്റിയിൽ ഔദ്യോഗിക തീരുമാനം എടുക്കും.
ഇന്ത്യയിൽ തന്നെയാവും ഇത്തവണ ഐപിഎൽ നടത്തുക. ബാക്കപ്പ് വേദിയായി യുഎഇ പരിഗണയിലുണ്ടെന്ന റിപ്പോർട്ടുകൾ ബിസിസിഐ ട്രഷറർ അരുൺ ധുമാൽ തള്ളിയിരുന്നു. താരങ്ങൾക്കും സപ്പോർട്ടിംഗ് സ്റ്റാഫുകൾക്കും ഒഫീഷ്യലുകൾക്കും വാക്സിൻ നൽകുന്ന കാര്യം പരിഗണയിലുണ്ടെന്നും എന്ത് വില കൊടുത്തും ഇന്ത്യയിൽ തന്നെ ലീഗ് നടത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഫെബ്രുവരി 18ന് ചെന്നൈയിലാണ് ഐപിഎൽ ലേലം.
അതേസമയം, ഐപിഎൽ മുഖ്യ സ്പോൺസർമാരായി പ്രമുഖ സ്മാർട്ട്ഫോൺ കമ്പനിയായ വിവോ തിരികെ വന്നേക്കുമെന്നാണ് റിപ്പോർട്ട്. ഐപിഎൽ മിനി ലേലത്തിനൊപ്പം സ്പോൺസർമാർക്കുള്ള ലേലവും ബിസിസിഐ നടത്തുമെന്നാണ് സൂചന. വിവോ തിരികെ വന്നാൽ റദ്ദാക്കുമെന്ന വ്യവസ്ഥയോടെയാണ് ഡ്രീം ഇലവനുമായി ബിസിസിഐ ഐപിഎൽ കരാർ ഒപ്പിട്ടത്. വിവോയെ തിരികെ കൊണ്ടുവരാനാണ് ബിസിസിഐയുടെയും താത്പര്യം. എന്നാൽ, ഇക്കാര്യത്തിൽ വിവോ തീരുമാനം എടുത്തിട്ടില്ല.