കൊച്ചി: ഇന്ധന വില വർധനവിൽ ജനം പൊറുതിമുട്ടുമ്പോള്‍ ഇന്ധന വില നികുതിയിനത്തിൽ സർക്കാരിന് ലഭിക്കുന്നത് 750 കോടി രൂപ. കേന്ദ്രം ഒരു രൂപ ഇന്ധനവില കൂട്ടിയാൽ 33 പൈസ സംസ്ഥാന സർക്കാരിന് ലഭിക്കും.
അന്താരാഷ്ട്ര വിപണിയിലെ വില, ഇറക്കുമതിയുടെ ഇൻഷുറൻസ് തുക, ഇറക്കുമതി ചെലവ്, കേന്ദ്രം ചുമത്തുന്ന എക്സൈസ് തീരുവ, സംസ്ഥാന സർക്കാർ ചുമത്തുന്ന നികുതി, വിപണന ചെലവ്, ഡീലർ കമ്മിഷൻ ഇവയെല്ലാം ചേർന്നാണ് ഇന്ധനവില നിശ്ചയിക്കുന്നത്.
ആഗോളതലത്തിൽ എണ്ണവില കുറഞ്ഞാലും രാജ്യത്ത് എണ്ണവില കുറയ്ക്കാതെ എക്സൈസ് തീരുവ വർധിപ്പിക്കുന്ന കേന്ദ്ര നിലപാടാണ് ജനങ്ങളുടെ ദുരിതം കൂട്ടുന്നത്. ഇത് വിലക്കയറ്റത്തിന് ഇടയാക്കുന്നു.
രണ്ടുമാസത്തെ ഇടവേളക്ക് ശേഷം നവംബർ മുതലാണ് എണ്ണക്കമ്പനികൾ വീണ്ടും വിലവർധിപ്പിച്ച് തുടങ്ങിയത്.
കഴിഞ്ഞ വർഷം ഏപ്രിൽ മുതല്‍ ഒക്ടോബർ വരെ 1.6 ലക്ഷം കോടി രൂപയാണ് കേന്ദ്ര സർക്കാരിന് എക്സൈസ് തീരുവയിനത്തിൽ ലഭിച്ചത്. പെട്രോളിന് 30.8 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് കേരളത്തിൽ വില്പന നികുതി. കൂടാതെ അധിക വില്പന നികുതിയും ഒരു രൂപ സെസും.
അതായത് ഒരു ലിറ്റർ പെട്രോൾ 86 രൂപയ്ക്ക് വിൽക്കുമ്പോൾ സംസ്ഥാന സർക്കാരിന് 22 രൂപയിലധികം കിട്ടും. 80 രൂപക്ക് ഡീസൽ വിൽക്കുമ്പോൾ 18 രൂപയിലധികവും.
പ്രതിമാസം 750 കോടി രൂപയാണ് ഇന്ധന വില്പന നികുതിയിനത്തിൽ സംസ്ഥാന സർക്കാരിന് ലഭിക്കുന്നത്. ഇന്ധന വില കൂടുന്നതോടെ സർക്കാരുകൾക്ക് വരുമാനവും കൂടും. കേന്ദ്രം വിലകൂട്ടുമ്പോൾ സംസ്ഥാനം അധികനികുതി വേണ്ടെന്ന് വെച്ചാൽ ജനത്തിന് അല്പം ആശ്വാസം കിട്ടും.
സംസ്ഥാനത്തിന് ഏറ്റവും അധികം നികുതി ഉണ്ടാക്കി നൽകുന്നതിൽ രണ്ടാംസ്ഥാനമാണ് ഇന്ധനത്തിനുളളത്. പിരിച്ചെടുക്കാൻ ഒട്ടും ബുദ്ധിമുട്ടില്ല. കേന്ദ്രം ഒരു രൂപ ഇന്ധനവില കൂട്ടിയാൽ 33 പൈസ സംസ്ഥാന സർക്കാരിന് ലഭിക്കും. പെട്രോളിനെയും ഡീസലിനെയും ജിഎസ്ടി പട്ടികയിൽ പെടുത്തിയാൽ വില ഇപ്പോഴത്തേതിന്റെ പകുതിയേ വരൂ എന്നതാണ് യാഥാർഥ്യം.