ഇന്ത്യന്‍ പര്യടനം നിങ്ങളുടെ അവസാനത്തെ പരമ്പരയായിരിക്കും; പെയ്‌നിന്‍റെ സ്ലെഡ്ജിംഗിന് അശ്വിന്‍റെ മറുപടി- വീഡിയോ

0
184

സിഡ്നി: ഒരുപാട് പ്രതിസന്ധികള്‍ മറികടന്നാണ് ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് ഇന്ത്യ സമനിലയാക്കിയത്. പ്രമുഖതാരങ്ങളുടെ പരിക്ക്. സ്ഥിരം ക്യാപ്റ്റന്‍ വിരാട് കോലിയുടെ മടങ്ങിപ്പോക്ക്. കാണികളുടെ വക വംശീയാധിക്ഷേപം വേറെ. പിന്നീട് മറികടക്കേണ്ടത് ഓസ്‌ട്രേലിയന്‍ താരങ്ങളുടെ സ്ലഡ്ജിംഗിനെയാണ്. ബാറ്റ്‌സ്മാന് ചുറ്റും അഞ്ചും ആറും ഫീല്‍ഡര്‍മാര്‍ നിന്നിട്ട് സ്ലഡ്ജ് ചെയ്യുമ്പോഴുണ്ടാവുന്ന സമ്മര്‍ദ്ദം വേറെ.

ടീമിന്റെ പ്രതിസന്ധി ഘട്ടത്തില്‍ മത്സരം സമനിലയാക്കുന്നതില്‍ ഒരു പ്രധാന പങ്കുവഹിച്ച ആര്‍ അശ്വിനും ഈ സാഹചര്യത്തിലൂടെയാണ് കടന്നുപോയത്. ഓസീസ് ക്യാപ്റ്റനും കീപ്പറുമായ ടിം പെയ്‌നാണ് അശ്വിനെ സ്ലഡജ് ചെയ്തത്. എന്നാല്‍ വായടപ്പിക്കുന്ന മറുപടിയും താരം കൊടുത്തു. പെയ്‌നാണ് തുടക്കമിട്ടത്. സംഭവം ഇങ്ങനെ… ”ഒരുപാട് കാത്തിരിക്കാന്‍ വയ്യ, നിങ്ങളെ ഗബ്ബയില്‍ നേരിടുന്നത്.” അശ്വിന്റെ പേര് വിളിച്ച് പെയ്ന്‍ പറഞ്ഞു.

അശ്വിന്റെ മറുപടിയായിരുന്നു രസകരം…”നിങ്ങള്‍ ഇന്ത്യയിലേക്ക് കളിക്കാന്‍ വരുന്നത് കാത്തിരിക്കാനാവുന്നില്ല. അത് നിങ്ങളുടെ അവസാനത്തെ പരമ്പര ആയിരിക്കും.” പിന്നീട് ഇരുവരും അങ്ങോട്ടുമിങ്ങോട്ടും ചിലത പറഞ്ഞ് സംസാരം അവസാനിപ്പിച്ചു. വീഡിയോ കാണാം…

അനായാസം ജയിക്കാമെന്ന് ഉറപ്പിച്ചാണ് ഓസ്‌ട്രേലിയ അവസാന ദിനമായ ഇന്ന് കളത്തിലിറങ്ങിയത്. എന്നാല്‍, ഇന്ത്യയുടെ ബാറ്റിങ് എല്ലാ പ്രതീക്ഷകളെയും അസ്ഥാനത്താക്കി. അശ്വിന് പുറമെ ഋഷഭ് പന്ത്, ഹനുമ വിഹാരി, ചേതേശ്വര്‍ പൂജാര എന്നിവരുടെ പ്രകടനമാണ് ഇന്ത്യക്ക് വിജയതുല്യമായ സമനില സമ്മാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here