ജക്കാര്‍ത്ത: ഇന്‍ഡൊനീഷ്യയിലെ സുലവേസി ദ്വീപില്‍ വന്‍ഭൂചലനം. ചുരുങ്ങിയത് ഏഴുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഇന്‍ഡൊനീഷ്യന്‍ ദുരന്ത ലഘൂകരണ ഏജന്‍സി അറിയിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഏഴു സെക്കന്‍ഡ് നീണ്ടുനിന്നു. അതേസമയം സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.
മജെനെ സിറ്റിക്ക് ആറുകിലോമീറ്റര്‍ വടക്കുകിഴക്കാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. രണ്ടു ഹോട്ടലുകള്‍, ആശുപത്രി, ഗവര്‍ണറുടെ ഓഫീസ്, ഒരു മാള്‍, നിരവധി കെട്ടിടങ്ങള്‍ തുടങ്ങിയവ ഭൂകമ്പത്തെ തുടര്‍ന്ന് തകര്‍ന്നവയില്‍ ഉള്‍പ്പെടുന്നു. ഭൂകമ്പത്തില്‍ തകര്‍ന്ന ആശുപത്രിയില്‍ പന്ത്രണ്ടില്‍ അധികം രോഗികളും ജീവനക്കാരും കുടുങ്ങിക്കിടക്കുകയാണ്.