‘ആ ഷൂ വില്‍ക്കുന്നത് പ്രശ്നമായിരുന്നെങ്കില്‍ വില്‍ക്കില്ലായിരുന്നു’; ‘ഠാക്കൂര്‍’ ബ്രാന്‍ഡ് ഷൂ വില്‍പ്പന നടത്തിയതിന് കസ്റ്റഡിയിലായ മുസ്‍ലിം കച്ചവടക്കാരന്‍

0
200

‘ഠാക്കൂര്‍’ എന്ന് പേരുള്ള ഷൂ വില്‍ക്കുന്നത് അത്ര പ്രശ്നമായിരുന്നെങ്കില്‍ താനത് വില്‍ക്കില്ലായിരുന്നുവെന്ന് ഉത്തർ പ്രദേശിലെ ബുലന്ദ്ഷഹറിൽ അറസ്റ്റിലായ മുസ്‍ലിം കച്ചവടക്കാരന്‍ നാസിര്‍. ദ ക്വിന്‍റിനോടാണ് നാസിര്‍ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം പങ്കുവെച്ചത്. ഷൂസിൽ ഠാക്കൂർ എന്ന ഉയർന്ന ജാതിപ്പേരുള്ളതിന്‍റെ പേരിലാണ് നാസിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ഹിന്ദു മതത്തിലെ ഏറ്റവും ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരാണ് ഠാക്കൂര്‍ വിഭാഗക്കാര്‍.

ഗാസിയാബാദില്‍ നിന്നുള്ള സഞ്ജയ് ഗോയല്‍ എന്ന ഷൂ സപ്ലയറില്‍ നിന്നാണ് താന്‍ ഷൂസുകള്‍ വാങ്ങിയതെന്നും കഴിഞ്ഞ 25-30 ദിവസങ്ങളായി ഇങ്ങനെ തന്നെയാണ് കച്ചവടം നടത്താറെന്നും നാസിര്‍ പറഞ്ഞു. അന്വേഷണത്തിനിടെ തന്നെ പൊലീസ് സഞ്ജയ് ഗോയലിന്‍റെ കടയില്‍ എത്തിച്ചു. ‘ഠാക്കൂര്‍’ എന്ന ബ്രാന്‍ഡിലുള്ള 16 ജോടി ഷൂസുകള്‍ അവിടെ നിന്ന് കണ്ടെടുത്തെങ്കിലും അവരെ പൊലീസ് വെറുതെ വിടുകയായിരുന്നെന്ന് നാസിര്‍ പറയുന്നു. രണ്ട് ദിവസമാണ് കേസില്‍ പൊലീസ് നാസിറിനെ കസ്റ്റഡിയിലെടുത്തത്.

കസ്റ്റഡിയില്‍ മോശം പെരുമാറ്റമൊന്നും ഏല്‍ക്കേണ്ടി വന്നിട്ടില്ലെന്നും പക്ഷെ ഗാസിയാബാദില്‍ തെളിവെടുപ്പിന് കൊണ്ടു പോകവെ മുഖത്ത് രണ്ട്, മൂന്ന് തവണ പൊലീസ് അടിച്ചതായും നാസിര്‍ പറഞ്ഞു. അത്യന്തം ഗുരുതരമായ കലാപാഹ്വാന ചാര്‍ജ് എഫ്.ഐ.ആറില്‍ നിന്നും ഒഴിവാക്കിയ പൊലീസ് നാസിറിനെ രണ്ട് ദിവസമാണ് കസ്റ്റഡിയില്‍ വെച്ചത്. സംഭവത്തില്‍ ഒരാള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ബുലന്ദ്ഷഹര്‍ എസ്.പി അതുല്‍ ശ്രീവാസ്തവ പറഞ്ഞു.

വലതു പക്ഷ സംഘടനയുടെ നേതാവായ വിശാൽ ചൗഹാന്‍റെ പരാതിയിലാണ് നാസിറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരൻ നാസറിന്‍റെ ചെരുപ്പുകടയിൽ ചെന്നപ്പോൾ അദ്ദേഹം ഷൂവിൽ ഠാക്കൂർ എന്ന ജാതിപ്പേര് കാണുകയും അതിനെ പരാതിക്കാരൻ ചോദ്യം ചെയ്‌തപ്പോൾ കടയുടമ അദ്ദേഹത്തെ ചീത്ത വിളിക്കുകയും ആക്രമിക്കുകയും ചെയ്തുവെന്നാണ് എഫ്.ഐ.ആർ. എന്നാൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ പ്രകാരം ഒരു കൂട്ടം ആളുകൾ കച്ചവടക്കാരനു ചുറ്റും കൂടിയത് കാണാം. “ഞാനാണോ ഷൂകൾ നിർമിക്കുന്നത്? “നാസർ ചോദിച്ചു. അപ്പോൾ ചുറ്റും കൂടി നിന്ന ആളുകളിലൊരാൾ “പിന്നെയെന്തിനാണ് താൻ ഇതിവിടെ കൊണ്ട് വന്നത്?” എന്ന് ചോദിക്കുന്നതും കാണാം. ദൃശ്യങ്ങളിൽ എവിടെയും അക്രമം നടന്നതായി കാണുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here