‘അമേരിക്കൻ കാപിറ്റോൾ കലാപങ്ങൾക്കിടയിൽ ഇന്ത്യന്‍ പതാക’ – ആളെത്തിരഞ്ഞ് സോഷ്യൽ മീഡിയ, വീഡിയോ വൈറൽ

0
211

തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഡോണൾഡ് ട്രംപിന്റെ അസാധാരണ റാലിക്ക് പിന്നാലെ, കൊടികളും വീശിക്കൊണ്ട്, ഏറെ അക്രമാസക്തമായ ഒരു ജനക്കൂട്ടം കാപിറ്റോൾ ബിൽഡിങ്ങിന്റെ പുറത്തുള്ള ബാരിക്കേഡുകൾ തകർത്ത് അകത്തേക്ക് കയറി. ഏറെ നിശ്ശബ്ദമായി നിയമനിർമാണം നടക്കുന്ന ആ കെട്ടിടത്തിന്റെ അകത്തളങ്ങളിലെ സകല ഫർണിച്ചറുകളും ചില്ലുജനാലകളും അടിച്ചുതകർത്തുകൊണ്ട് ആ ജനക്കൂട്ടം അവിടെ അഴിഞ്ഞാട്ടം തന്നെ നടത്തി.

അക്രമങ്ങൾ തുടങ്ങി മിനിറ്റുകൾക്കുള്ളിൽ തന്നെ അതിന്റെ തത്സമയ ദൃശ്യങ്ങളും മാധ്യമങ്ങളിലൂടെ പ്രവഹിച്ചു തുടങ്ങി. അതെ സമയം തന്നെ ട്വിറ്ററിലും ഫേസ്ബുക്കിലും യൂട്യൂബിലും ഒക്കെ ഈ അക്രമങ്ങളുടെ വിഡിയോകൾ വൈറലാകാനും തുടങ്ങി.  ഈ അക്രമങ്ങൾക്കിടെ, വീഡിയോ ദൃശ്യങ്ങളിൽ ഒന്നിൽ കണ്ട ഇന്ത്യയുടെ ത്രിവർണ്ണ പതാകയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിട്ടുളളത്. ഇന്ത്യൻ വംശജനായിട്ടുള ആരോ ഒരാളും ട്രംപ് അനുകൂലികളായ ഈ പ്രതിഷേധക്കാരുടെ സംഘത്തിൽ ഉണ്ടായിരുന്നു എന്നത് വ്യക്തമാണ്. ഇന്ത്യൻ ദേശീയ പതാകയേന്തിയ ഒരാളും അക്രമികളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു എന്നത് ട്വിറ്ററിൽ പ്രചരിക്കുന്ന ഈ വീഡിയോയിൽ വളരെ വ്യക്തമായി കാണാം.

എന്തായാലും വീഡിയോ വൈറൽ ആയതിനു പിന്നാലെ വരുൺ ഗാന്ധിയും ഈ ട്വീറ്റ് പങ്കുവെച്ചു. “ഇതിനിടയിൽ ഇന്ത്യൻ ത്രിവർണ പതാകയ്ക്ക് എന്താണ് കാര്യം? ഈ പ്രതിഷേധത്തിൽ എന്തായാലും ഇന്ത്യക്ക് പങ്കുചേരാൻ യാതൊരു കാരണവുമില്ല. ” എന്നാണ് അദ്ദേഹം തന്റെ ട്വീറ്റിൽ കുറിച്ചത്.

എന്തായാലും ഈ വീഡിയോ വൈറലായതോടെ, പിന്നാലെ ആരാണിയാൾ എന്നന്വേഷിച്ചുകൊണ്ടുള്ള ട്വീറ്റുകളുടെ പെരുമഴ കൂടി ഉണ്ടായതോടെ, ആരാണ് ഈ ട്രംപിനുവേണ്ടി അക്രമങ്ങൾ അഴിച്ചുവിടുന്ന സംഘത്തിലെ ഈ ഇന്ത്യൻ വംശജൻ എന്നറിയാനുള്ള കൗതുകം സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here