89കാരിയുടെ മരണം സ്ഥിരീകരിച്ച് ഡോക്ടർമാർ; ശ്മശാനത്തിൽ വെച്ച് ജീവനുണ്ടെന്ന് കണ്ടെത്തി മകൾ

0
353

‘മരിച്ചുപോയ’ തന്റെ അമ്മയ്ക്ക് ജീവനുണ്ടെന്ന് മകൾ കണ്ടെത്തിയത് സംസ്കാരത്തിന് നിമിഷങ്ങൾ മാത്രം ശേഷിക്കെ. അർജന്റീനയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. 89കാരിയായ അമ്മയെ നെഞ്ചുവേദനയെ തുടർന്നാണ് കഴിഞ്ഞ ശനിയാഴ്ച വടക്കുകിഴക്കൻ അർജന്റീനയിലെ റെസിസ്റ്റേൻഷ്യ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ചയോടെ അമ്മ മരിച്ചതായി ഡോക്ടർമാർ 54കാരിയായ മകളെ അറിയിച്ചു. മരണ സർട്ടിഫിക്കറ്റും നൽകി. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് സർട്ടിഫിക്കറ്റിൽ പറയുന്നു.

മരണ സർട്ടിഫിക്കറ്റ് ലഭിച്ചതിന് പിന്നാലെ അമ്മയുടെ സംസ്കാരം നടത്താനുള്ള തയാറെടുപ്പുകൾ മകൾ നടത്തി. പിന്നാലെ മൃതദേഹം ശ്മശാനത്തിലെത്തിച്ചു. അവിടെ കൺവെയർ ബെൽറ്റിലൂടെ മൃതദേഹം കൊണ്ടുപോകുന്നതിനിടെ, അമ്മയിൽ ജീവൻ അവശേഷിക്കുന്നതിന്റെ ലക്ഷണങ്ങൾ മകൾ കണ്ടെത്തി. പിന്നാല സംസ്കാര ചടങ്ങുകൾ നിർത്തി.

”മകൾ രാവിലെ 8.45ന് ആശുപത്രിയിൽ എത്തിയപ്പോൾ ഡോക്ടറാണ് മരണ വിവരം മകളോട് പറഞ്ഞത്. ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിച്ചുവെന്നാണ് ഡോക്ടർ പറഞ്ഞത്. തുടർന്ന് വെലെസ് സാർസ്ഫീൽഡ് അവന്യൂവിലെ ശ്മശാനത്തിൽ സംസ്കാരം നടത്താൻ തീരുമാനിച്ചു. ഇതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു”- പൊലീസിനെ ഉദ്ധരിച്ച് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

അമ്മ ജീവിച്ചിരിക്കുന്നുവെന്ന് മനസിലാക്കിയ മകൾ ബന്ധുക്കളിലൊരാൾക്ക് ശബ്ദ സന്ദേശം അയച്ചു. ”എന്റെ അമ്മ ജീവിച്ചിരിക്കുന്നു. അവസാനം ശ്മശാനത്തിൽ വെച്ചാണ് ജീവന്റെ ലക്ഷണങ്ങൾ ഞാൻ അമ്മയില്‍ കണ്ടത്. ഇപ്പോൾ ഞാൻ അമ്മയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുകയാണ്”- ശബ്ദ സന്ദേശത്തിൽ മകൾ പറയുന്നു.

ആശുപത്രിയിലെത്തിച്ച 89 കാരി ഇപ്പോൾ ഐ സി യുവിൽ ചികിത്സയിലാണ്. അമ്മ മരിച്ചുവെന്ന് വിധിയെഴുതിയ സ്വകാര്യ ആശുപത്രിക്കതിരെ മകൾ രംഗത്ത് വന്നു. സംഭവത്തിൽ അന്വേഷണം വേണമെന്ന് പ്രാദേശിക ഭരണകൂടത്തോട് മകൾ ആവശ്യപ്പെട്ടു.

സമാനമായ സംഭവം

മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ ഭിന്നശേഷിക്കാരിയായ 20 വയസുകാരിക്ക് ജീവനുണ്ടെന്ന് ശ്മശാനത്തിൽ സംസ്കാരത്തിന് മുൻപ് കണ്ടെത്തിയത് കഴിഞ്ഞ ആഗസ്റ്റിലായിരുന്നു. അമേരിക്കയിലെ മിഷിഗണിലായിരുന്നു സംഭവം. ശ്വാസം നിലച്ചതോടെയാണ് ടിമേഷ ബ്യൂചാമ്പ് എന്ന യുവതിയെ ആശുപത്രിയിലെത്തിച്ചത്. മരിച്ചുവെന്ന് ഡോക്ടർമാർ വിധിയെഴുതി. ആശുപത്രി നടപടികൾ പൂർത്തിയാക്കി മൃതദേഗം സംസ്കാരത്തിനായി ശ്മശാനത്തിലെത്തിച്ച് മൃതദേഹം ബാഗിൽ നിന്ന് പുറത്തെടുത്തപ്പോഴാണ് കണ്ണ് തുറന്നതിരിക്കുന്നത് കാണുന്നത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here