വൈറല്‍ വീഡിയോകളിലൂടെ ശ്രദ്ധേയനായ അമേരിക്കന്‍ യൂട്യൂബര്‍ ജിമ്മി ഡൊണാള്‍ഡ്‌സണ്‍ എന്ന മിസ്റ്റര്‍ ബീസ്റ്റിന്റെ പുത്തന്‍ വീഡിയോയും തരംഗമാകുന്നു. ഭക്ഷണവുമായ ബന്ധപ്പെട്ട വീഡിയോകളാണ് മി.ബീസ്റ്റ് അധികവും ചെയ്യാറ്. ഇക്കുറിയും ഭക്ഷണപ്രേമികളെ പിടിച്ചിരുത്തുന്ന വീഡിയോ തന്നെയാണ് ട്രെന്‍ഡ് ലിസ്റ്റില്‍ ഇടം നേടിയിരിക്കുന്നതും.
വിലകൂടിയ ചില വിഭവങ്ങളെയാണ് വീഡിയോയിലൂടെ മി.ബീസ്റ്റും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് പരിചയപ്പെടുത്തുന്നത്. 100 ഡോളര്‍ വിലമതിക്കുന്ന ഐസ്‌ക്രീം, 500 ഡോളര്‍ വിലമതിക്കുന്ന ചീസ് ബാള്‍സ്, ആയിരം ഡോളറിന്റെ ചോക്ലേറ്റ് എന്ന് തുടങ്ങി ഒടുവില്‍ ഒരു ലക്ഷം ഡോളറിന്റെ ഒരു റോയല്‍ ഐസ്‌ക്രീമിലാണ് വീഡിയോ ചെന്നെത്തി നില്‍ക്കുന്നത്.
എന്നുവച്ചാല്‍ ഏകദേശം 73 ലക്ഷം വില വരുന്ന ഐസ്‌ക്രീം. ഒരു ഐസ്‌ക്രീമിന് എങ്ങനെയാണ് ഇത്രയും വില വരികയെന്ന് ഒരുപക്ഷേ നമുക്ക് സംശയം തോന്നിയേക്കാം. എന്നാലിത് ആഢംബരത്തില്‍ താല്‍പര്യമുള്ളവരെ മാത്രം ലക്ഷ്യമിട്ടുകൊണ്ട് തയ്യാറാക്കുന്നവയാണ് എന്നതാണ് സത്യം.
ഇറക്കുമതി ചെയ്ത ചേരുവകള്‍ കൊണ്ട്, മണിക്കൂറുകള്‍ ചിലവിട്ട്, പ്രത്യേകമായി തയ്യാറാക്കിയ ഐസ്‌ക്രീമാണിത്. ഇതിന്റെ വില കേട്ട് അമ്പരന്ന് വീഡിയോ കണ്ടവരാണ് ഏറെയും. മുമ്പും ഇത്തരത്തില്‍ ആളുകളില്‍ കൗതുകം നിറയ്ക്കുന്ന വിവരങ്ങളുള്‍ക്കൊള്ളിച്ച് വീഡിയോ ചെയ്യുന്നതാണ് മി. ബീസ്റ്റിന്റെ രീതി.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മി. ബീസ്റ്റ് തന്റെ റെസ്റ്റോറന്റ് ഉദ്ഘാടനദിവസം ആളുകള്‍ക്ക് സൗജന്യമായി ഭക്ഷണവും ഒപ്പം നോട്ടുകെട്ടുകളും വിതരണം ചെയ്യുന്ന വീഡിയോയും ഇന്ത്യയില്‍ തരംഗമായിരുന്നു. 2018ല്‍ യൂട്യൂബ്, ഏറ്റവും പരോപകാരിയായ മനുഷ്യനെന്ന ബഹുമതി മി. ബീസ്റ്റിന് നല്‍കിയിരുന്നു. 2019ല്‍ ഏറ്റവുമധികം കാഴ്ചക്കാരെ സമ്പാദിച്ച യൂട്യൂബര്‍മാരില്‍ ഒരാളുമായിരുന്നു ഇദ്ദേഹം.
എന്നാല്‍ കച്ചവടത്തിന് വേണ്ടിയാണ് മി. ബീസ്റ്റ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നതെന്ന വാദവുമായി വിമര്‍ശകര്‍ എപ്പോഴും സജീവമാണ്. അങ്ങനെയാണെങ്കില്‍ പോലും തന്റെ വീഡിയോകള്‍ ആളുകളില്‍ എത്തിക്കാന്‍ മി. ബീസ്റ്റിന് പ്രത്യേക മിടുക്കുണ്ടെന്നത് എടുത്ത് പറയേണ്ടത് തന്നെ.