കാസര്‍ഗോഡ് : രാജ്യം മുഴുവന്‍ ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറുമ്ബോഴും കാസര്‍ഗോഡ് നഗരത്തില്‍ നിന്ന് 35 കിലോ മീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യുന്ന ബെല്ലൂര്‍ എന്ന പഞ്ചായത്തില്‍ ഒരു എടിഎം പോലുമില്ല. രണ്ടു മാസം മുന്‍പ് മധു ബാലകൃഷ്ണന്‍ എന്ന ബെല്ലൂരിലെ ഒരു നാട്ടുകാരന്റെ അമ്മയ്ക്ക് അസുഖം പിടിപെട്ടു. അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഒരുങ്ങുന്നതിനിടയിലാണ് ആംബുലന്‍സ് വാടക പോലും നല്‍കാന്‍ പണം തികയില്ല എന്ന് മധു ബാലകൃഷ്ണന്‍ മനസിലാക്കിയത്.
ബാങ്ക് അവധി ദിവസം കൂടിയായിരുന്നു അന്ന്. എന്നാല്‍ കേരള ഗ്രാമീണ്‍ ബാങ്ക്, ബെല്ലൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നീ രണ്ട് ബാങ്കുകളിലും മധുവിന് അക്കൗണ്ടുകളുണ്ടായിരുന്നു. ഈ രണ്ടു ബാങ്കുകളും ഇതുവരെ എടിഎം സ്ഥാപിച്ചിട്ടില്ല.
ഇതോടെ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ ഈശ്വരമംഗലയിലേക്ക് 12 കിലോമീറ്റര്‍ വാഹനം ഓടിച്ച് പണം പിന്‍വലിക്കുകയാണ് അദ്ദേഹം ചെയ്തത്. ഇതോടെ ഇദ്ദേഹത്തിന്റെ അമ്മയുടെ ആശുപത്രി പ്രവേശനം ഒരു മണിക്കൂര്‍ വൈകിയിരുന്നു.
ബെല്ലൂരില്‍ ഇത്തരം സംഭവങ്ങള്‍ സാധാരണമാണ്. പെട്ടെന്ന് പണം ലഭ്യതമല്ലാതിരുന്നതോടെ പാമ്ബു കടിയേറ്റവര്‍ക്ക് വൈദ്യസഹായം വൈകിയതടക്കമുള്ള സംഭവങ്ങള്‍ ഇവിടെ ധാരാളമാണ്. അടിയന്തര വൈദ്യസഹായം ആവശ്യമുള്ള കുട്ടികള്‍ക്കും പലപ്പോഴും ചികിത്സ വൈകുന്നു. ഇവിടെയുള്ള രണ്ടു ബാങ്കുകളിലൊന്ന് ജനങ്ങളുടെ ആവശ്യം ശ്രദ്ധിക്കുകയും എടിഎം സ്ഥാപിക്കുകയും ചെയ്തിരുന്നെങ്കില്‍ പ്രശ്നം ഒഴിവാക്കാമെന്ന് ബെല്ലൂരിലെ സംരംഭകനും സാമൂഹിക പ്രവര്‍ത്തകനുമായ രാജഗോപാല കൈപംഗല പറയുന്നു.
ഈ വിഷയം ബാങ്ക് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ശ്രദ്ധയില്‍പ്പെടുത്തി എങ്കിലും
ഇതുവരെ ഒരു ഫലവും ലഭിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു. എടിഎം ഇല്ലാത്ത കേരളത്തിലെ ഒരേയൊരു ഗ്രാമപഞ്ചായത്ത് ബെല്ലൂര്‍ മാത്രമായിരിക്കാമെന്നാണ് ഇവര്‍ പറയുന്നത്.
13,000 ത്തോളം പേര്‍ ഈ പഞ്ചായത്തില്‍ താമസിക്കുന്നു. അവരില്‍ ഭൂരിഭാഗവും കര്‍ഷകരാണ്. കേരളത്തിലെ മുള്ളേരിയ, പെര്‍ല, ബദിയഡുക്ക എന്നിവിടങ്ങളിലെ എടിഎമ്മുകളില്‍ നിന്നും കര്‍ണാടകയിലെ അര്‍ല പടാവു, ഈശ്വരമംഗല എന്നിവിടങ്ങളില്‍ നിന്നുമാണ് ഇപ്പോള്‍ നാട്ടുകാര്‍ പണം പിന്‍വലിക്കുന്നത്. ഇതിനായി കിലോ മീറ്ററുകള്‍ സഞ്ചരിക്കുന്നത് വഴിയുള്ള പണച്ചെലവ് വേറെയാണെന്നും ഇവര്‍ പറയുന്നു.