2016ൽ വിജയത്തിന് അരികെ; മഞ്ചേശ്വരത്ത് ബിജെപി കൊടി പാറിക്കുമോ?

0
197

മഞ്ചേശ്വരം: സ്ഥാനാർഥികൾ ആരാകും എന്നറിയാനുള്ള ആകാംക്ഷയിലാണ് ഭാഷയും ജാതിയും മതവും സംസ്കാരവും പൊതുസ്വീകാര്യതയും എല്ലാം വിധിയെഴുത്തിൽ നിർണായക സ്വാധീനം ചെലുത്തുന്ന മഞ്ചേശ്വരം നിയമസഭാ മണ്ഡലം. 1987 മുതൽ 2006 വരെ യുഡിഎഫ് തട്ടകം ആയിരുന്ന മണ്ഡലം 2006ൽ ഇടതുമുന്നണി തിരിച്ചു പിടിച്ചു. 2011ൽ തിരിച്ചുപിടിച്ച മണ്ഡലം 2016ലും 2019ൽ നടന്ന ഉപതിരഞ്ഞെടുപ്പിലും യുഡിഎഫ് നിലനിർത്തി. യുഡിഎഫിൽ മുസ്‍ലിം ലീഗും ഇടതുമുന്നണിയിൽ നിന്നു സിപിഎമ്മും മത്സരിക്കുന്ന ഇവിടെ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ രണ്ടാം സ്ഥാനത്തേക്കു ബിജെപിയും എത്തി.

2016ലെ തിരഞ്ഞെടുപ്പിൽ വിജയത്തിന് അരികെ എത്തിയതായിരുന്നു ബിജെപി. പി.ബി.അബ്ദുൽ റസാഖ് (മുസ്‍ലിം ലീഗ്) 89 വോട്ടിനാണ് അന്ന് കെ.സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. 2011ൽ സുരേന്ദ്രനെതിരെ 5828 വോട്ട് ആയിരുന്നു ഭൂരിപക്ഷം. അബ്ദുൽ റസാഖ് അന്തരിച്ച ഒഴിവിൽ 2019ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എം.സി.കമറുദ്ദീൻ (മുസ്‍ലിം ലീഗ്) 7923 വോട്ടിനാണ് രവീശ തന്ത്രിയെ (ബിജെപി) പരാജയപ്പെടുത്തിയത്. നിക്ഷേപ ഇടപാടു കേസ് കാരണം കമറുദ്ദീൻ എംഎൽഎ വീണ്ടും സ്ഥാനാർഥിയാകാനുള്ള സാധ്യത അടഞ്ഞു എന്നാണു പാർട്ടി നേതൃത്വത്തിൽ നിന്നുള്ള സൂചന.

ജില്ലാ പഞ്ചായത്ത് മുൻ അംഗവും മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയുമായ എ.കെ.എം.അഷ്റഫ് സ്ഥാനാർഥിയാണെന്ന നിലയിൽ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം കിട്ടുമെന്നു പ്രതീക്ഷിച്ചതാണ് ഇദ്ദേഹം. എന്നാൽ നേതൃത്വം കമറുദ്ദീനു സീറ്റ് നൽകി. ഇത്തവണ അഷ്റഫ് തന്നെയായിരിക്കും സ്ഥാനാർഥി എന്ന കണക്കു കൂട്ടലിലാണ് ഒരു വിഭാഗം. എന്നാൽ, അഷ്റഫിനെ സ്ഥാനാർഥിയാക്കുന്നതു തടയാൻ ശ്രമിക്കുന്ന വിഭാഗവും നേതാക്കളുമുണ്ട്. മുന്നണിക്ക് ആകെയും പുറത്തും സ്വീകാര്യനായ സ്ഥാനാർഥി ഇല്ലെങ്കി‍ൽ വിജയം തെറിക്കും എന്ന നിലപാടാണ് ഇവരുടേത്.

തദ്ദേശ തിരഞ്ഞെടുപ്പു ഫലം കൂടി കണക്കിലെടുത്ത് കൂടുതൽ ജാഗ്രത ഇവർ ആവശ്യപ്പെടുന്നു. കാസർകോട് എംഎൽഎ എൻ.എ.നെല്ലിക്കുന്ന് ആണ് ഇവരിൽ ഒരു വിഭാഗം മുന്നോട്ടു വയ്ക്കുന്ന പേര്. അതിനിടെ ജില്ലാ സെക്രട്ടറി മുനീർ ഹാജിയും കാസർകോട്, അല്ലെങ്കിൽ മഞ്ചേശ്വരം മണ്ഡലത്തിൽ സ്ഥാനാർഥിയാകാൻ ശ്രമിക്കുന്നുണ്ട്. ബിജെപിയിൽ ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത്, വടക്കൻ മേഖലാ വൈസ് പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി, മുൻ ജില്ലാ പ്രസിഡന്റ് പി.സുരേഷ്കുമാർ ഷെട്ടി എന്നിവരാണ് ഉയർന്നു കേൾക്കുന്ന പേരുകൾ.

സ്ഥാനാർഥികളെ സംബന്ധിച്ചു ചർച്ചകൾ തുടങ്ങിയിട്ടില്ലെന്നു ജില്ലാ ഭാരവാഹികൾ പറഞ്ഞു. ഇടതു മുന്നണിയിൽ എം.ശങ്കർ റൈ വീണ്ടും സ്ഥാനാർഥി ആയേക്കും. എന്നാൽ ജില്ലാ സെക്രട്ടേറിയറ്റംഗം കെ.ആർ.ജയാനന്ദ, വി.പി.പി.മുസ്തഫ തുടങ്ങിയവരുടെ പേരുകളും ഉയരുന്നുണ്ട്. മുൻ എംഎൽഎ സിപിഎം സംസ്ഥാന സമിതി അംഗം സി.എച്ച്.കുഞ്ഞമ്പുവിനെ വീണ്ടും ഇറക്കി സീറ്റ് വീണ്ടെടുക്കണമെന്ന ആഗ്രഹവും ചിലർക്കുണ്ട്. എന്നാൽ കുഞ്ഞമ്പു ഉദുമയിൽ സ്ഥാനാർഥിയായേക്കുമെന്ന പ്രചാരണം ഉണ്ട്. ഈ മാസം അവസാനം ചർച്ച തുടങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here