ഹലാല്‍ സ്റ്റിക്കര്‍ നീക്കണമെന്നാവശ്യപ്പെട്ട് ബേക്കറിയുടമയ്ക്ക് ഭീഷണിക്കത്ത് നല്‍കിയ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

0
296

എറണാകുളം: കുറുമശ്ശേരിയില്‍ ഹലാല്‍ വിഭവങ്ങള്‍ ലഭ്യമെന്ന സ്റ്റിക്കര്‍ നീക്കണമെന്ന ഭീഷണിയുമായി ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍. ബേക്കറിയില്‍ പ്രവര്‍ത്തകര്‍ നേരിട്ടെത്തിയാണ് ഉടമയ്ക്ക് കത്ത് നല്‍കിയത്. സംഭവത്തില്‍ നാല് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ 28ാം തിയതിയാണ് സംഭവം നടന്നത് .ഹലാല്‍ വിഭവങ്ങള്‍ ലഭ്യമെന്ന സ്റ്റിക്കര്‍ കടയുടെ മുന്‍പില്‍ ഒട്ടിച്ചിരുന്നു. രണ്ടാഴ്ച മുന്‍പ് പ്രവര്‍ത്തനം തുടങ്ങിയ ബേക്കറിയിലേക്ക് പാറക്കടവ് പ്രദേശത്തെ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എത്തി കട ഉടമയ്ക്ക് സംഘടനയുടെ ലെറ്റര്‍ പാഡിലുള്ള കത്ത് കൈമാറി.

കത്ത് കൈപ്പറ്റി ഏഴ് ദിവസത്തിനകം ഹലാല്‍ വിഭവങ്ങള്‍ ലഭ്യമെന്ന സ്റ്റിക്കര്‍ നീക്കിയില്ലെങ്കില്‍ സ്ഥാപനം ബഹിഷ്‌കരിക്കുമെന്നും, പ്രതിഷേധം സംഘടിപ്പിക്കുമെന്നുമായിരുന്നു കത്തിലെ ഭീഷണി. വിവാദം ഒഴിവാക്കാന്‍ കട ഉടമ സ്റ്റിക്കര്‍ നീക്കിയിരുന്നു.

എന്നാല്‍ സംഭവം സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധിച്ച പൊലീസ് വിഷയത്തില്‍ ഇടപെട്ടു. കട ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു. സുജയ്, ലെനിന്‍, അരുണ്‍, ധനേഷ് എന്നിവര്‍ക്കെതിരെയാണ് മതസ്പര്‍ധ പ്രചരിപ്പിക്കാന്‍ ശ്രമിച്ചതിന് ചെങ്ങമനാട് പൊലീസ് കേസെടുത്തത്.

അറസ്റ്റിലായ പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നതില്‍ അന്വേഷണം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here