സ്വകാര്യത നയത്തിലെ മാറ്റം പണി തന്നു; ഇന്ത്യയില്‍ വാട്സ്ആപ്പ് ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ ഇടിവ്

0
182

സ്വകാര്യതാ നയത്തില്‍ മാറ്റങ്ങള്‍ വരുത്തിയതോടെ ഇന്ത്യയില്‍ വാട്സ്ആപ്പ് ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ ഇടിവ്. 5 ശതമാനം ആളുകള്‍ വാട്സ്ആപ്പ് ഡിലീറ്റ് ചെയ്യുകയും 22 ശതമാനം ആളുകള്‍ വാട്സ്ആപ്പ് ഉപയോഗം വലിയ രീതിയില്‍ കുറക്കുകയും ചെയ്തതായി കമ്യൂണിറ്റി പ്ലാറ്റ്ഫോം ലോക്കല്‍ സര്‍വീസ് നടത്തിയ സര്‍വെയില്‍ വ്യക്തമാക്കുന്നു.

വാട്സ്ആപ്പിന്‍റെ പുതിയ നയം അവബോധമുള്ള വലിയ ശതമാനം ഉപയോക്താക്കളെ ടെലഗ്രാം, സിഗ്നല്‍ തുടങ്ങിയ ആപ്പുകളിലേക്ക് മാറുന്നതിലേക്ക് നയിച്ചിരുന്നു. സിഗ്നലും ടെലഗ്രാമുകളുമെല്ലാം പ്രൈവറ്റ് ചാറ്റ് ഓപ്ഷനുകള്‍ പോലുമുള്ള, ഉപയോക്താക്കളുടെ സ്വകാര്യതക്ക് വലിയ വില കല്‍പ്പിക്കുന്ന പ്ലാറ്റ്ഫോമുകളാണ്.

5 ശതമാനം ആളുകള്‍ വാട്സ്ആപ്പ് ഡിലീറ്റ് ചെയ്ത് പുതിയ പ്ലാറ്റ്ഫോമുകളിലേക്ക് മാറിയെന്നും 16 ശതമാനം ഉപയോക്താക്കള്‍ മറ്റ് ആപ്പുകള്‍ ഡൗണ്‍ലോഡ്‌ ചെയ്യുകയും ഉപയോഗിക്കാന്‍ തുടങ്ങിയെന്നും പറയുന്നു. 34 ശതമാനം ആളുകള്‍ മറ്റു ആപ്പുകള്‍ ഡൗണ്‍ലോഡ്‌ ചെയ്തെങ്കിലും വളരെ കുറച്ച് മാത്രമാണ് അത് ഉപയോഗിക്കുന്നത് എന്നും സര്‍വെയില്‍ പറയുന്നു.

232 ജില്ലകളിലായി 17,000 ഉപയോക്താക്കളുടെ അഭിപ്രായങ്ങളാണ് സര്‍വെക്കായി ശേഖരിച്ചത്. ഇതില്‍ 64 ശതമാനം പുരുഷന്മാരും 34 ശതമാനം സ്ത്രീകളുമാണ്. ഇന്ത്യയില്‍ 400 ദശലക്ഷം വാട്സ്ആപ്പ് ഉപയോക്താക്കളാണ് നിലവിലുള്ളത്.

ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ പോലും മാതൃകമ്പനിയായ ഫേസ്ബുക്കിന് കൈമാറുമെന്ന് വാട്സ്ആപ്പ് സ്വകാര്യത നയത്തില്‍ മാറ്റം വരുത്തിയിരുന്നു. പ്രഖ്യാപനം വിവാദമായപ്പോള്‍ വിശദീകരണവുമായി വാട്സ്ആപ്പ് തന്നെ രംഗത്തെത്തിയിരുന്നു. തങ്ങളുടെ പുതുക്കിയ നയങ്ങൾ സുഹൃത്തുക്കളുടെയോ കുടുംബത്തിന്റെയോ സ്വകാര്യതയെ ബാധിക്കില്ലെന്നായിരുന്നു പിന്നീട് വാട്സ്ആപ്പ് പറഞ്ഞത്. നയങ്ങളിലെ പരിഷ്കരണം ബിസിനസ് അക്കൗണ്ടുകളെ മാത്രമേ ബാധിക്കുകയുള്ളൂവെന്നു കമ്പനി നേരത്തെ വിശദീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here