സിനിമാ തിയേറ്ററുകളില്‍ കൂടുതല്‍ പേരെ അനുവദിക്കാം; അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് നിയന്ത്രണമില്ല; കൊവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുമായി കേന്ദ്രം

0
200

ന്യൂദല്‍ഹി: കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. സിനിമാ തിയേറ്ററുകളില്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കാം. കൊവിഡ് നിബന്ധനകള്‍ക്ക് വിധേയമായി സ്വിമ്മിംഗ് പൂളുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു.

അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് ഒരു വിധത്തിലുമുള്ള നിയന്ത്രണവും ഉണ്ടാവില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. കണ്ടെയ്ന്‍മെന്റ് സോണിന് വെളിയില്‍ എല്ലാ തരത്തിലുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കും.

ഫെബ്രുവരി ഒന്നിന് പ്രാബല്യത്തില്‍ വരുന്ന നിലയിലാണ് പുതുക്കിയ മാര്‍ഗരേഖ ഇറക്കിയിരിക്കുന്നത്. അതേസമയം തിയേറ്ററുകളില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി എത്ര പേരെ പ്രവേശിപ്പിക്കാമെന്നുള്ളത് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം അറിയിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

പ്രധാനനിര്‍ദ്ദേശങ്ങളും ഇളവുകളും,

1. സംസ്ഥാനങ്ങള്‍ക്ക് അകത്തും പുറത്തും ആളുകള്‍ക്കും ചരക്ക് ഗതാഗതത്തിനും നിയന്ത്രണങ്ങള്‍ ഉണ്ടാവില്ല.
2.അയല്‍രാജ്യങ്ങളുമായി നിലനില്‍ക്കുന്ന വ്യാപാര കരാറുകള്‍ക്ക് അനുസൃതമായി അതിര്‍ത്തി കടന്നുള്ള യാത്രകളും അനുവദിക്കും

3. മതപരവും സാമൂഹികവും വിദ്യാഭ്യാസപരവും സാംസ്‌കാരികവും കായികവും വിനോദപരവുമായ പരിപാടികള്‍ക്ക് ഹാളിന്റെ ശേഷിയുടെ അമ്പത് ശതമാനം വരെ ആളുകളെ പ്രവേശിപ്പിക്കാം.

4. അടച്ചിട്ട ഹാളുകളില്‍ 200 പേര്‍ക്ക് പ്രവേശനം അനുവദിച്ചു.

.അതേസമയം ഇക്കാര്യങ്ങളിലെല്ലാം സംസ്ഥാന സര്‍ക്കാരിന് കാര്യങ്ങള്‍ തീരുമാനിക്കാമെന്നും മാര്‍ഗരേഖയില്‍ പറയുന്നുണ്ട്. മാസ്‌ക് അടക്കം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഉറപ്പാക്കണമെന്നും
കണ്ടെന്‍മെന്റ് സോണുകളിലും ഹോട്ട് സ്‌പോട്ടുകളിലും നിയന്ത്രണങ്ങള്‍ തുടരുമെന്നും പുതിയ മാര്‍ഗരേഖയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here