സംസ്ഥാനത്ത് സ്‌കൂളുകൾ തുറന്നു; പത്ത്, പ്ലസ് ടു വിദ്യാർത്ഥികൾ ക്ലാസുകളിലേക്ക്

0
202

ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറക്കുന്നു. പത്താം ക്ലാസ്, പ്ലസ്ടു ക്ലാസുകളിലെ കുട്ടികളാണ് കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്കൂളിലെത്തുന്നത്. കോവിഡ് പ്രതിസന്ധിക്കിടയിലും പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്ന കുട്ടികളുടെ എണ്ണത്തില്‍ ഇക്കുറി വന്‍ വര്‍ദ്ധനവുണ്ട്. ഒന്നേമുക്കാല്‍ ലക്ഷം കുട്ടികളാണ് പൊതുവിദ്യാലയങ്ങളില്‍ പുതുതായെത്തിയത്. പൊതുപരീക്ഷയ്ക്കു മുന്നോടിയായി ഓൺലൈൻ ക്ലാസുകളിലൂടെ പൂർത്തിയാക്കിയ പാഠഭാഗങ്ങളുടെ സംശയനിവാരണം, റിവിഷൻ എന്നിവക്കു വേണ്ടിയാണ് സ്കൂളുകൾ തുടങ്ങുന്നത്.

ഹാജർ നിർബന്ധമാക്കിയിട്ടില്ല. സ്കൂളിലെത്തുന്ന കുട്ടികൾക്ക് രക്ഷാകർത്താക്കളുടെ സമ്മതപത്രം നിർബന്ധമാണ്. സ്കൂൾ തുറക്കുന്ന ആദ്യ ആഴ്ച സുരക്ഷയ്ക്കാണു മുൻഗണന. ഒരേസമയം ക്ലാസിലെ പകുതി കുട്ടികളെ മാത്രമേ അനുവദിക്കൂ. ഓരോ ക്ലാസിലെയും പകുതി വീതം വിദ്യാർഥികൾ ഷിഫ്റ്റ് ആയോ ഒന്നിടവിട്ട ദിവസങ്ങളിലോ ക്ലാസുകൾക്കെത്തും വിധം ക്രമീകരണം നടത്താം.

ഒരു ബെഞ്ചിൽ ഒരു കുട്ടിയെ മാത്രമേ ഇരുത്താവൂ എന്നും ഒഴിഞ്ഞുകിടക്കുന്ന ക്ലാസ് മുറികൾ കൂടി ഉപയോഗിച്ച് അധ്യയനം നടത്തണമെന്നുമാണു വിദ്യാഭ്യാസ വകുപ്പു നിർദേശം നൽകിയിരിക്കുന്നത്. ഒരാഴ്ചയ്ക്കു ശേഷം സ്ഥിതിഗതികൾ വിലയിരുത്തി മാറ്റം വരുത്തും. അതിനിടെ കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ ആശങ്കയും നിലനിൽക്കുന്നുണ്ട്.

വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെൽ ക്ലാസുകൾ തുടരും. സ്കൂളുകളിൽ പോകുന്ന കുട്ടികൾക്ക് വിക്ടേഴ്സിൽ എല്ലാ ദിവസവും വൈകിട്ടത്തെ ആവർത്തന ക്ലാസ് കാണാം. കുട്ടികൾക്ക് ഐഡന്റിറ്റി കാർഡും യാത്രാ പാസും ഉൾപ്പെടെ നൽകിയിട്ടില്ലാത്തതിനാൽ സ്കൂളിലെത്താൻ ബുദ്ധിമുട്ടുണ്ടാകുമെന്ന പരാതികൾ ഉയർന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here