വർഗ്ഗീയ കലാപം ഉണ്ടാക്കും! ഭക്ഷണം കഴിച്ചിട്ട് പണം നൽകാതിരിക്കാൻ ബിജെപി പ്രവർത്തകരുടെ പുതിയ ‘അടവ്’; ഹോട്ടലുടമയായ മുസ്ലിം മതവിശ്വാസിയെ ഭീഷണിപ്പെടുത്തിയതിന് മാപ്പ് പറഞ്ഞ് ഖുശ്ബു

0
272

ചെന്നൈ: ഭക്ഷണം കഴിച്ചതിന്റെ ബില്ല് നൽകി പണംചോദിച്ചതിന് ഹോട്ടലുടമയെ ഭീഷണിപ്പെടുത്തി ചെന്നൈയിലെ ബിജെപി പ്രവർത്തകർ. മുസ്ലിം മതവിശ്വാസിയായ ഹോട്ടലുടമയോട് വർഗീയകലാപമുണ്ടാക്കും എന്നായിരുന്നു ബിജെപി പ്രവർത്തകരുടെ ഭീഷണി. സംഭവത്തിൽ രണ്ട് ബിജെപി പ്രവർത്തകരെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. ട്രിപ്ലിക്കേൻ സ്വദേശികളായ പുരുഷോത്തമൻ (32), ഭാസ്‌കർ (30) എന്നിവരാണ് പിടിയിലായത്.

ഐസ്ഹൗസ് മുത്തയ്യ സ്ട്രീറ്റിലുള്ള ഹോട്ടലിൽ കഴിഞ്ഞദിവസം രാത്രിയിലായിരുന്നു നാണംകെട്ട സംഭവം. കേന്ദ്രമന്ത്രി അമിത് ഷായുടെ പേഴ്‌സണൽ സെക്രട്ടറിയെ വിളിക്കുമെന്നും തങ്ങൾ വിളിച്ചാൽ വരാൻ ആയിരംപേർ തയ്യാറായിരിക്കുകയാണെന്നും വർഗീയ കലാപമുണ്ടാക്കുമെന്നും ഹോട്ടൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നുമായിരുന്നു പ്രതികളുടെ ഭീഷണി.

അറസ്റ്റിലായ പുരുഷോത്തമൻ ബിജെപിയുടെ ട്രിപ്ലിക്കേൻ സെക്രട്ടറിയും ഭാസ്‌കരൻ ട്രിപ്ലിക്കേൻ വെസ്റ്റ് സെക്രട്ടറിയുമാണ്. സംഘത്തിലുണ്ടായിരുന്ന ബിജെപി പ്രവർത്തകനായ സൂര്യ ഒളിവിൽ പോയി. മുഹമ്മദ് അബൂബക്കർ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിൽ കയറിയ ബിജെപി പ്രവർത്തകരുടെ സംഘം മദ്യപിച്ച് അഴിഞ്ഞാടുകയായിരുന്നു. ചിക്കൻ ഫ്രൈഡ് റൈസ് നൽകാൻ ആവശ്യപ്പെട്ടെങ്കിലും കട അടയ്ക്കുകയാണെന്ന് ജീവനക്കാർ അറിയിച്ചു. ഇതോടെ പ്രകോപിതരായ മൂവർസംഘം കടയടയ്ക്കാൻ സമ്മതിക്കാതെ തങ്ങൾ ബിജെപി പ്രവർത്തകരാണെന്ന് പറഞ്ഞ് നിർബന്ധിച്ച് ഭക്ഷണം പാകംചെയ്യിപ്പിക്കുകയായിരുന്നു.

പിന്നീട് ഭക്ഷണം കഴിച്ചതിന് ബിൽ നൽകിയപ്പോൾ പണം നൽകാൻ തയ്യാറായില്ല. അത് ചോദ്യംചെയ്തതോടെ അബൂബക്കറിനെ സംഘം വർഗ്ഗീയ കലാപമുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. അതോടെ അബൂബക്കർ പോലീസിനെ വിളിച്ചുവരുത്തി. സ്ഥലത്തെത്തിയ ഐസ്ഹൗസ് പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബിജെപി നേതാക്കളാണെന്നപേരിൽ പണംനൽകാതെ ട്രിപ്ലിക്കേനിലും ഐസ്ഹൗസിലുമുള്ള ഹോട്ടലുകളിൽനിന്ന് ഇവർ ഭക്ഷണം കഴിക്കുന്നത് പതിവായിരുന്നുവെന്നാണ് വിവരം.

ഇതേകടയിൽനിന്ന് കഴിഞ്ഞയിടെ 850 രൂപയ്ക്ക് ഭക്ഷണം കഴിച്ചിട്ട് പണം നൽകാതെ പോയിരുന്നു. ഈ സംഭവത്തിൽ അബൂബക്കർ നൽകിയ പരാതിയിലാണ് പുരുഷോത്തമനെയും ഭാസ്‌കറെയും അറസ്റ്റ് ചെയ്തത്. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

അതേസമയം, ബിജെപി പ്രവർത്തകർ ഹോട്ടലിൽ ബഹളമുണ്ടാക്കിയതിൽ ക്ഷമചോദിക്കുന്നതായി ബിജെപി നേതാവും നടിയുമായ ഖുശ്ബു പ്രതികരിച്ചു. അവർ മദ്യപിച്ചിരുന്നതായാണ് മനസ്സിലാക്കുന്നത്. ഇത്തരം രീതികൾ ബിജെപി അംഗീകരിക്കില്ല. അതിക്രമത്തിന് മാപ്പുചോദിക്കുന്നതായും അവർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here