വീട് ആക്രമിച്ച് സംഘം രണ്ട്പേരെ കൊലപ്പെടുത്തി 16 കിലോ സ്വർണം കവർന്നു; പൊലീസ് ഒരാളെ വെടിവെച്ചുകൊന്നു

0
188
ചെന്നൈ: തമിഴ്‍നാട്ടിൽ വീട് ആക്രമിച്ച ആയുധധാരികളായ കൊള്ളസംഘം രണ്ട് പേരെ കൊലപ്പെടുത്തി 16 കിലോ സ്വർണം കവർന്നു. മയിലാടുതുറൈക്കടുത്ത് സിര്‍ഘാഴിയില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ജ്വല്ലറി ഉടമയായ ധൻരാജിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. ധൻരാജിന്‍റെ ഭാര്യ ആശ മകൻ അഖിൽ എന്നിവരെ ക്രൂരമായി ആക്രമിച്ചാണ് സംഘം കവർച്ച നടത്തിയത്.
അഞ്ചംഗ സംഘം മാരകായുധങ്ങളുമായാണ് ധന്‍രാജിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കടന്നത്. മോഷണം തടയാൻ ശ്രമിച്ചതോടെ ആശയേയും അഖിലിനേയും സംഘം കൊലപ്പെടുത്തി. സ്ഥലത്തെത്തിയ പൊലീസ് അയൽവാസികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച ശേഷം അക്രമികളെ പിന്തുടരുകയായിരുന്നു. അന്വേഷണത്തില്‍ പ്രതികള്‍ ഒരു വയലില്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചു.
ഇരുക്കൂർ എന്ന സ്ഥലത്ത് വെച്ച് നടന്ന ഏറ്റുമുട്ടലിലാണ് കൊള്ളസംഘത്തിലെ ഒരാൾ വധിക്കപ്പെട്ടത്. രണ്ട് തോക്കുകളും 16 കിലോ സ്വർണവും ഇവരിൽ നിന്നും പിടിച്ചെടുത്തു. രാജസ്ഥാനിൽ നിന്നുള്ളവരാണ് മോഷ്ടാക്കളെന്നാണ് പ്രാഥമിക വിവരം. സംഘത്തിലുണ്ടായിരുന്ന മറ്റ് നാല് പേരെ പൊലീസ് പിടികൂടി. പൊലീസ് പിടികൂടിയ നാലുപേരില്‍ മൂന്നുപേര്‍ക്കും വെടിയേറ്റിട്ടുണ്ട്. രാജസ്ഥാന്‍ സ്വദേശിയായ മണിപാല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here