രാജ്യത്ത് ഫേസ്ബുക്കും വാട്‌സ്ആപ്പും നിരോധിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേര്‍സ് (സിഎഐടി). ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ കമ്പനി എന്തടിസ്ഥാനത്തിലാണ് അവരുടെ ഏകപക്ഷീയ നയങ്ങള്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നതെന്നും ഡിജിറ്റല്‍ വിദ്യാഭ്യാസം കുറവുള്ളവര്‍ എന്തും സഹിച്ച് ആപ് നിലനിര്‍ത്തുമെന്ന അഹങ്കാരമാണ് ഫെയ്‌സ്ബുക്കിനെന്നും സിഐടിസി കേന്ദ്രസര്‍ക്കാരിന് നല്‍കിയ നിവേദനത്തില്‍ പറയുന്നു.
ഉപ്പു വാങ്ങാനെത്തി രാജ്യം കീഴടക്കിയ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെയാണ് തങ്ങള്‍ക്കിപ്പോള്‍ ഓര്‍മ്മവരുന്നത്. ആദ്യം വെവ്വേറെ ആപ്പുകളായി പ്രവര്‍ത്തിച്ച് വിവരങ്ങള്‍ സ്വന്തമാക്കിയതിന് ശേഷം ഇപ്പോള്‍ തനി നിറം വെളിപ്പെടുത്തുകയാണ് ഫേസ്ബുക്കെന്നും സിഎഐടി ആരോപിച്ചു.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെയും സുരക്ഷയുടെയും നട്ടെല്ലൊടിക്കാനുള്ള വിവരങ്ങള്‍ അവര്‍ ഇതിനകം തന്നെ കൈക്കലാക്കി കഴിഞ്ഞിരിക്കാം. ഫെയ്‌സ്ബുക്കിന് 20 കോടിയിലേറെ ഉപയോക്താക്കളാണ് ഇന്ത്യയിലുള്ളത്. രണ്ട് ആപ്പുകളിലെയും വിവരം ഒരുമിപ്പിച്ചാല്‍ ഇന്ത്യയുടെ വാണിജ്യ ഇടപാടുകളും സമ്പദ് വ്യവസ്ഥയും നിയന്ത്രിക്കുന്നത് പോലുള്ള രഹസ്യപദ്ധതികളായിരിക്കാം അവരുടേത്.
അടുത്തമാസം എട്ടിന് പുതിയ നയം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വാട്‌സ് അപ്പ് അതിന് മുന്‍പ് തങ്ങളുടെ വ്യവസ്ഥകള്‍ അംഗീകരിക്കുകയോ വാട്‌സ്ആപ്പ് ഉപേക്ഷിക്കുകയോ ചെയ്യണമെന്നാണ് കല്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ സ്വകാര്യതക്കുമേല്‍ കടന്നുകയറുന്ന പുതിയ നയം ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അതിനാല്‍ സര്‍ക്കാര്‍ എത്രയും വേഗം ഇടപെടണമെന്നും സിഎഐടി ദേശീയ പ്രസിഡന്റ് ബി സി ഭാര്‍ട്ടിയ ആവശ്യപ്പെടുന്നു.
കഴിഞ്ഞദിവസമാണ് വാട്സ്ആപ്പ് തങ്ങളുടെ ഉപയോഗനിബന്ധനങ്ങളും സ്വകാര്യതാനയങ്ങളും പരിഷ്‌കരിക്കുന്നതായി അറിയിച്ചത്. ഉപയോക്താവിന്റെ ഡാറ്റ ശേഖരിക്കാന്‍ ഫേസ്ബുക്കിനെയും അനുബന്ധ സ്ഥാപനങ്ങളെയും അനുവദിക്കുന്ന പുതിയ നയം വ്യക്തിയുടെ സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിക്കുന്നതാണെന്നും നയങ്ങള്‍ നിലവില്‍ വരുന്നതോടെ ഫേസ്ബുക്ക് സ്വകാര്യവിവരങ്ങളിലേക്ക് കൈകടത്തുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ആപ്പ് ഉപയോഗിക്കുന്നവരുടെ ഫോണ്‍, സ്ഥല വിവരങ്ങള്‍, ഹാര്‍ഡ്വെയര്‍ മോഡല്‍, ഓപ്പറേറ്റിംഗ് സിസ്റ്റം വിവരങ്ങള്‍, ബാറ്ററി ചാര്‍ജ്, സിഗ്‌നല്‍ വിവരങ്ങള്‍, കണക്ഷന്‍ വിവരങ്ങള്‍, ഭാഷ, ഐ.പി വിലാസം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുമെന്നാണ് ഫേസ്ബുക്ക് അറിയിച്ചിരിക്കുന്നത്.
അതേസമയം, വാട്‌സ്ആപ്പിന്റെ പുതിയ നയങ്ങള്‍ക്കെതിരെ ഉപയോക്താക്കളില്‍ നിന്ന് വ്യാപക പ്രതിഷേധമാണുയരുന്നത്. ഉപയോക്താക്കള്‍ ഒന്നൊന്നായി ആപ്പില്‍ നിന്നും പിന്മാറാന്‍ തുടങ്ങിയതോടെ പുതിയ നിര്‍ദ്ദേശങ്ങള്‍ ബിസിനസ്സ് ഉപയോക്താക്കള്‍ക്ക് മാത്രമാണെന്ന് വിശദീകരിച്ച് വാട്‌സ്ആപ്പ് രംഗത്തെത്തിയിരുന്നു.
ഇന്ത്യയിലാണ് വാട്‌സ്ആപ്പിന് ഏറ്റവുമധികം ഉപയോക്താക്കളുള്ളത്. 200 കോടി പേരില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്ന 40 കോടി ജനങ്ങളും ഇന്ത്യയിലുള്ളവരാണ്. അതുകൊണ്ട് തന്നെ വാട്‌സ്ആപ്പില്‍ ഫേസ്ബുക്കിന്റെ പ്രവേശനം കൂടിയായാല്‍ ഉപയോക്താക്കളില്‍ ഇനിയും ഇടിവ് വന്നേക്കുമെന്ന ആശങ്ക കമ്പനിക്കുണ്ട്.