കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഖ്യത്തിനില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. വെല്‍ഫെയര്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ഹമീദ് വാണിയമ്പലം പറഞ്ഞു. മതേതര പാര്‍ട്ടികളുടെ പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു നടക്കുന്ന തിരഞ്ഞെടുപ്പില്‍ മാത്രമാണ് നീക്കുപോക്കെന്ന് വെല്‍ഫയര്‍ പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. നിയമസഭാ തിരഞ്ഞെടുപ്പിനെയും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെയും തികച്ചും വ്യത്യസ്തമായാണ് പാര്‍ട്ടി കാണുന്നത്. വെല്‍ഫയര്‍ പാട്ടി ഒരു മുന്നണിയുടേയും ഭാഗമല്ല. ആ ആവശ്യം ആരോടും ഉന്നയിച്ചിട്ടുമില്ല.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും. ഇപ്പോള്‍ത്തന്നെ ബൂത്തുതല പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ അണികള്‍ക്ക് നല്‍കിക്കഴിഞ്ഞു. പാര്‍ട്ടി ആലോചിച്ച ശേഷമാകും എവിടെയൊക്കെ മത്സരിക്കണം, എത്ര സ്ഥാനാര്‍ഥികളെ നിര്‍ത്തണം തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുക്കുക. കഴിഞ്ഞ തവണ 40 സീറ്റുകളിലാണ് മത്സരിച്ചത്. ഇപ്പോഴൊത്തെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിക്കൊണ്ടായിരിക്കും ഇത്തവണ മത്സരിക്കുകയെന്നും ഹമീദ് വാണിയമ്പലം വ്യക്തമാക്കി.
മതേതര സ്വഭാവമുള്ള പാര്‍ട്ടികളുടെ പിന്തുണ സ്വീകരിക്കും. രണ്ടു മുന്നണികളെയും മതേതര മുന്നണികള്‍ എന്ന നിലയിലാണ് കാണുന്നത്. നിലവില്‍ ആരുമായും ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.