മുസ്ലീം യുവാവുമായി വിവാഹം, കേസെടുത്ത് പൊലീസ്, മതംമാറിയില്ലെന്ന് യുവതി, യുവാവിന്റെ വീട്ടുകാർക്ക് നേരെ ആക്രമണം

0
178

ഫിറോസാബാദ്: മുസ്ലീം യുവാവ് ഇതര മതത്തിൽപ്പെട്ട യുവതിയെ വിവാഹം ചെയ്തതിന് പിന്നാലെ ലൗ ജിഹാദ് ആരോപിച്ച് കേസെടുത്ത സംഭവത്തിലെ ദുരൂഹത നീങ്ങി. താൻ‌ 23കാരനായ മുസ്ലീം യുവാവിനൊപ്പം സ്വമേധയാ ഇറങ്ങി വന്നതാണെന്നും കോടതിയിൽ വച്ച് വിവാഹം ചെയ്തുവെന്നും മതം മാറിയിട്ടില്ലെന്നും 19 കാരി മജിസ്ട്രേറ്റിന് മുന്നിൽ വ്യക്തമാക്കിയതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്.

ഉത്തർ പ്രദേശിലെ ഫിറോസാബാദിലെ നാ​ഗ്ല മുള്ള ​ഗ്രാമത്തിലാണ് സംഭവം. യുവാവിന്റെ വീടിന് മുന്നിൽ തടിച്ചുകൂടിയ യുവതിയുടെ ബന്ധുക്കളും ​ഗ്രാമത്തിലുള്ളവരും യുവാവിന്റെ കുടുംബത്തെ പിന്തുടർന്നുവെന്ന് പൊലീസ് പറഞ്ഞു.

ഡിസംബർ 22നാണ് യുവതി മുസ്ലീം യുവാവിനൊപ്പം വീടുവിട്ടിറങ്ങിയത്. ഡിസംബർ 26 ന് മതംമാറ്റ നിരോധന നിയമപ്രകാരം കേസെടുത്തു. യുവതിയെ തട്ടിക്കൊണ്ടുപോയതായും കാണിച്ച് കേസ് എടുത്തിരുന്നു. ജനുവരി ഒന്നിന് യുവതിയെ കണ്ടെത്തുകയും ബന്ധുക്കൾ അവളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. യുവാവിന്റെ സംരക്ഷണം പൊലീസ് ഏറ്റെടുത്തു.

തന്നെ മതംമാറാൻ നിർബന്ധിച്ചുവെന്ന ആരോപണം യുവതി തള്ളി. കഴിഞ്ഞ മൂന്ന് വർഷമായി യുവാവിനെ പരിചയമുണ്ടെന്നും ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നും യുവതി വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here