അബ്ദുള്‍ നാസര്‍ മഅദനിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ഇടപെടണം എന്നാവശ്യപ്പെട്ട് പിഡിപി നേതാക്കള്‍ സമുദായ, രാഷ്ട്രീയ നേതാക്കളെ കാണുന്നു. പിഡിപി അദ്ധ്യക്ഷന്റെ ആരോഗ്യനില വഷളായതിനേത്തുടര്‍ന്നാണിത്. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും മികച്ച ചികിത്സ ഒരുക്കണമെന്നും കാരന്തൂര്‍ മര്‍ക്കസിലെത്തിയ പിഡിപി നേതാക്കള്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരോട് അഭ്യര്‍ത്ഥിച്ചു. പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അജിത് കുമാര്‍, ആസാദ്, മൈലക്കാട് ഷാ, സംസ്ഥാന സെക്രട്ടറിമാരായ സുബൈര്‍ പടുപ്പ്, അന്‍വര്‍ താമരക്കുളം എന്നിവരാണ് സംഘത്തിലുള്ളത്. കഴിയുന്ന എല്ലാ ഇടപെടലുകളും നടത്തുമെന്ന് കാന്തപുരം അബുബക്കര്‍ മുസ്ലിയാര്‍ ഉറപ്പ് നല്‍കിയതായി നേതാക്കള്‍ പ്രതികരിച്ചു.
ഇതേ ആവശ്യമുന്നയിച്ച് മുസ്ലീം ലീഗ് നേതാവ് പാണക്കാട് ഹൈദരലി തങ്ങള്‍, സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍ എംപി എന്നിവരേയും പിഡിപി സംഘം സന്ദര്‍ശിക്കും.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് മഅദനിയെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. മൂത്രാശയ സംബന്ധമായ അസുഖം കലശലായതിനെ തുടര്‍ന്നായിരുന്നു ശസ്ത്രക്രിയ. ബെംഗളൂരു സ്‌ഫോടന കേസില്‍ അറസ്റ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ മഅദനി 2014 മുതല്‍ ബെംഗളൂരു ബെന്‍സണ്‍ ടൗണിലെ ഫ്‌ലാറ്റിലാണ് താമസം. ശസ്ത്രക്രിയയ്ക്ക് ശേഷവും മദനിയുടെ ആരോഗ്യനില വഷളായി. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ വേട്ടയാടുന്ന സാഹചര്യത്തില്‍ മദനിക്ക് വിദഗ്ധ ചികിത്സ തന്നെ ലഭ്യമാക്കണമെന്ന് പിഡിപി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ധര്‍ണ നടത്താനും തീരുമാനമായിട്ടുണ്ട്. ജനുവരി 18 തിങ്കളാഴ്ച്ചയാണ് സിറ്റിസണ്‍ പ്രൊട്ടക്ഷന്‍ ഫോറത്തിന്റെ നേതൃത്വത്തിലുള്ള ധര്‍ണ. സെക്രട്ടേറിയറ്റ് പടിക്കലില്‍ നടത്തുന്ന ധര്‍ണയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംപി എന്‍ കെ പ്രേമചന്ദ്രന്‍, പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ തുടങ്ങിയവര്‍ക്കൊപ്പം മതപണ്ഡിതരും പങ്കെടുക്കും.