പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവർക്കെതിരെ കേസ്സെടുത്തിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. കഴിഞ്ഞ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളില്‍ മാത്രം സമരം ചെയ്തവർക്കെതിരെ 519 കേസുകള് രജിസ്ട്രർ ചെയ്തു. മുസ്‍ലിം മത സംഘടനകള്‍ക്കെതിരെയാണ് ബഹുഭൂരിപക്ഷം കേസുകളുമെടുത്തിരിക്കുന്നത്.
സിഎഎ, എന്‍ആർസി വിരുദ്ധ സമരം ശക്തമായ സമയത്ത് സർക്കാര്‍ കള്ളക്കേസെടുക്കുന്നുവെന്ന പരാതി വ്യാപകമായി ഉയർന്നിരുന്നു. 2020 ജനുവരി 1 മുതല്‍ മാർച്ച് 23 വരെ 519 കേസ്സുകളെടുത്തുവെന്നാണ് വിവരാവകാശ രേഖ. ദേശീയ മനുഷ്യവകാശ ഏകോപന സമിതി കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിന്നാണ് കണക്കുകളെടുത്തത്.
മുസ്‍ലിം മത സംഘടനകള്‍ക്കും, വിവിധ മഹല്ല് കമ്മിറ്റികള്‍ക്കും, വെല്‍ഫെയർ പാർട്ടി, എസ്ഡിപിഐ തുടങ്ങിയ രാഷ്ട്രീ പാർട്ടികള്‍ക്കുമെതിരെയാണ് ബഹുഭൂരിപക്ഷം കേസുകളും. ഇടത് പാർട്ടികള്‍ക്കെതിരെ വിരലിലെണ്ണാവുന്ന കേസുകളേയുള്ളൂ.