‘പോകല്ലേ പോകല്ലേ’; നാട്ടുകാർ പറഞ്ഞതു കേൾക്കാതെ ഗൂഗിൾ മാപ്പ് നോക്കിപ്പോയ കാർ അമ്പലനടയിലൂടെ ഇറങ്ങി

0
241

കോട്ടയം: ഒരു വഴിക്ക് ഇറങ്ങുമ്പോൾ ഗൂഗിൾ മാപ്പ് നോക്കി പോകുന്നതാണ് ഇപ്പോഴത്തെ ശീലം. അതാകുമ്പോൾ വഴിയിൽ ഇടയ്ക്കിടയ്ക്ക് വണ്ടി നിർത്തി ആളുകളോട് വഴി ചോദിക്കേണ്ട. നാട്ടുകാരോട് വഴി ചോദിച്ചു ചോദിച്ചു പോകാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ ഗൂഗിൾ മാപ്പിനെ മാത്രം ആശ്രയിക്കുന്നവർ പലപ്പോഴും അബദ്ധത്തിൽ ചെന്നുപെടാറുമുണ്ട്. അങ്ങനെ ഗൂഗിൾ മാപ്പ് കൊടുക്കുന്ന എട്ടിന്റെ പണി ഏറ്റു വാങ്ങിയവർ നിരവധിയുണ്ട്. അവരുടെ പട്ടികയിലേക്ക് കോട്ടയത്ത് നിന്ന് രണ്ടു ചെറുപ്പക്കാർ കൂടി എത്തിയിരിക്കുകയാണ്.

കോട്ടയത്ത് പരീക്ഷ എഴുതാൻ എത്തിയ പെരുമ്പാവൂർ സ്വദേശികളായ രണ്ടു യുവാക്കൾക്കാണ് ഇത്തവണ ഗൂഗിൾ മാപ്പിന്റെ പണി കിട്ടിയത്. ഗൂഗിൾ മാപ്പ് നോക്കി പോയ കാർ ചെന്നുനിന്നത് ഒരു നടയിലാണ്. കാൽ നടയാത്രക്കാർക്ക് മാത്രം പോകാവുന്ന വിധത്തിലുള്ള നടയിൽ. കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചരയോടെ തളിയിൽക്കോട്ടയ്ക്കു സമീപമാണ് സംഭവം ഉണ്ടായത്.

എറണാകുളം ഭാഗത്തേക്ക് പോകുന്നതിനായി ഉപ്പൂട്ടിൽക്കവല – തളിയിൽക്കോട്ട റോഡിലൂടെ എത്തിയതായിരുന്നു യുവാക്കൾ. വഴി തെറ്റിയെന്ന് സംശയം തോന്നിയപ്പോൾ ഗുഗിൾ മാപ്പിന്റെ സഹായം തേടുകയായിരുന്നു. തുടർന്നുള്ള യാത്ര പൂർണമായും ഗൂഗിൾ മാപ്പ് പറഞ്ഞ വഴിയിലൂടെ ആയിരുന്നു.

അങ്ങനെ മുന്നോട്ട് പോയപ്പോൾ തിരുമല വെങ്കിടേശ്വരസ്വാമി ക്ഷേത്രത്തിന് സമീപം കൊശവളവ് ഭാഗത്തേക്ക് കാൽനടയാത്രക്കാർക്ക് മാത്രം പോകാവുന്ന തരത്തിലുള്ള വഴി കണ്ടു. ഇതിലൂടെ കാർ മുന്നോട്ടു പോകുന്നത് കണ്ട നാട്ടുകാർ നടയുണ്ടെന്ന് വിളിച്ച് പറഞ്ഞെങ്കിലും കാറിന്റെ ഗ്ലാസ് ഇട്ടിരുന്നതിനാൽ കേട്ടില്ല. താമസിയാതെ തന്നെ വഴി നടയിലേക്ക് എത്തുകയും കാർ നടയിലൂടെ നിരങ്ങി ഇറങ്ങുകയും ചെയ്തു.

നടകൾ കണ്ടപ്പോൾ പെട്ടെന്നു തന്നെ വാഹനം നിർത്താൻ നോക്കിയെങ്കിലും കാർ നടയിലൂടെ നിരങ്ങി നീങ്ങുകയായിരുന്നു. കാറിനും യാത്രക്കാർക്കും പ്രശ്നങ്ങളില്ല. രാത്രി ക്രയിൻ ഉപയോഗിച്ച് കാർ പുറത്തെടുക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here