പൈവളിഗെ 50 മെഗാവാട്ട് സോളാർ പദ്ധതി ഉദ്ഘാടനം 23-ന്

0
500

മഞ്ചേശ്വരം : സംസ്ഥാനത്തിന്റെ സൗരവൈദ്യുത ആവശ്യകത പരിഹരിക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച സോളാർ പാർക്കിൽ രണ്ടാമത്തെ സോളാർപദ്ധതി ജില്ലയിൽ ഉദ്ഘാടനത്തിനൊരുങ്ങി. പൈവളിഗെയിലെ കൊമ്മൻഗളയിൽ 250 ഏക്കറിൽ തയ്യാറാക്കിയ 50 മെഗാവാട്ട് സോളാർ പദ്ധതി 23-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ജില്ലയിൽ 105 മെഗാവാട്ട് ഉത്‌പാദിപ്പിക്കുന്ന സോളാർ പാർക്ക് പദ്ധതിയിൽ 50 മെഗാ വാട്ടിന്റെ ആദ്യഘട്ടം അമ്പലത്തറ വെള്ളൂടയിൽ കഴിഞ്ഞവർഷം ഉദ്ഘാടനം ചെയ്തിരുന്നു. ഇതിന്റെ രണ്ടാം ഘട്ടമാണ് പൈവളിഗെയിലേത്. അഞ്ച് മെഗാവാട്ടിന്റെ മൂന്നാംഘട്ടം നെല്ലിത്തടത്ത് ആരംഭിക്കും.

240 കോടി രൂപയോളം മുതൽമുടക്കിലാണ് കേന്ദ്ര പൊതുമേഖലാ കമ്പനിയായ തെഹരി ഹൈഡ്രോ ഡെവലപ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ്‌ പൈവളികെയിലെ സോളാർ പ്ലാന്റ് സജ്ജമാക്കിയത്. പദ്ധതിക്കുള്ള 250 ഏക്കർ സ്ഥലം സംസ്ഥാന സർക്കാർ കെ.എസ്.ഇ.ബി.ക്ക് പാട്ടത്തിന് നൽകി.

കെ.എസ്‌.ഇ.ബി.യുടെയും സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുടേയും തുല്യ പങ്കാളിത്തമുള്ള പൊതുമേഖലാ കമ്പനിയായ റിന്യൂവബിൾ പവർ കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡാണ് സോളാർ പാർക്കിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here